മലയാളം വാര്‍ത്താചാനലുകള്‍ കിതച്ചു നിലയ്ക്കുന്നു; പരസ്യവരുമാനം തുലോംപരിമിതം; എന്നാലും പുതിയ ചാനലുകള്‍ മിഴിതുറക്കാനൊരുങ്ങി അണിയറയില്‍

അനുപമ പിഷാരടി

മലയാളിയെ വാര്‍ത്തകാണാന്‍ പഠിപ്പിച്ച ഇന്ത്യാവിഷന്‍ നിലച്ചിട്ട് ഒരുവര്‍ഷം തികയാനിരിക്കെ സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണ് വിരലിലെണ്ണാവുന്ന ചാനലുകളൊഴിച്ചുള്ളവ. കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് റിപ്പോര്‍ട്ടറില്‍ രാജി തുടരുകയാണ്. എക്‌സിക്ക്യുട്ടിവ് എഡിറ്ററായിരുന്ന പി കെ പ്രകാശ് ചാനലിന്റെ പടിയിറങ്ങിയതോടെ ഏറെക്കുറെ ചാനലിന്റെ അവസ്ഥ പരിതാപകരമാണ്. മൂന്ന് മാസത്തോളം ശമ്പള കുടിശ്ശിക ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. ജീവന്‍ ടിവിയിലെ അവസ്ഥ ഇതിലും ഭയാനകമാണ്. ജീവനക്കാര്‍ കൊഴിഞ്ഞുപോയിത്തുങ്ങിയതോടെ നിലവിലുള്ള ജീവനക്കാര്‍ അമിതഭാരംതലയിലെടുത്തുവെയ്‌ക്കേണ്ട അവസ്ഥയും. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ചാനലായ ടിവി ന്യൂ കടുത്ത പ്രതിസന്ധിയിലാണ്. ശമ്പളം മുടങ്ങല്‍ പതിവായിട്ടുണ്ട്. ബ്യൂറോകളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് നിലച്ചിട്ട് മാസങ്ങളായി. ചാനലിന്റെ പകുതിയിലധികം ഓഹരി വില്‍ക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ചാനലായ ജയ്ഹിന്ദ് വാര്‍ത്താചാനല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയും പ്രതിസന്ധി രൂക്ഷമാണ്. മാസങ്ങളായി ശമ്പളം വൈകുന്നു. ബ്യൂറോ എക്‌സ്‌പെന്‍സ് കൃത്യമായി കിട്ടാത്ത അവസ്ഥയും. അരുവിക്കര ഉപതിരഞ്ഞെടുപ്പിനും തദ്ധേശ തിരഞ്ഞെടുപ്പിനും ഫണ്ട് ചിലവഴിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ശരിയാകുമെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശമ്പളം മുടങ്ങുന്നില്ലെങ്കിലും സിപിഎമ്മിന്റെ പീപ്പിളും പ്രതിസന്ധിയിലാണ്. കൈരളിയുടെ പരസ്യവരുമാനവും പാര്‍ട്ടിഫണ്ടുമാണ് പീപ്പിളിനെ പിടിച്ചുനിര്‍ത്തുന്നത്. മാതൃഭൂമി ന്യൂസ് നഷ്ടത്തിലാണ് ഓടുന്നതെങ്കിലും കോര്‍പറേറ്റ് സ്ഥാപനമായതിനാല്‍ ഇതുവരെ ബാധിച്ചിട്ടില്ല. അമൃതാനന്ദമയീ മഠം നടത്തുന്ന അമൃത ചാനലും നഷ്ടം കാരണം ന്യൂസ് വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ആര്‍എസ്എസിന്റെ ജനം ടിവിയും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും ലാഭമായില്ലെങ്കിലും വിദേശ ഫണ്ടുള്‍പ്പെടെ ഉള്ളതിനാല്‍ കുഴപ്പമില്ലാതെ നില്‍ക്കുന്നു. വാര്‍ത്താചാനലുകളില്‍ മുന്‍നിര ചാനലുകളില്‍ ചുരുക്കം മാത്രമേ ലാഭം നേടുന്നുള്ളൂ. ന്യൂസ് ചാനലില്‍ ഏഷ്യാനെറ്റ് ലാഭത്തിലും മനോരമ ന്യൂസ് നഷ്ടമില്ലാതെയും മുന്നേറുന്നു.സൂര്യ വാര്‍ത്ത നിര്‍ത്തിയതോടെ വലിയ ലാഭത്തിലായെന്നാണ് വിവരം.

Tv-Channels-List-of-2015-Onam-Release-Malayalam-Movies-300x201

സ്ഥിര ചെലവുകള്‍ക്കും ആവര്‍ത്തന ചെലവുകള്‍ക്കും കോടികള്‍ വേണ്ടിവരുന്ന ചാനല്‍ വ്യവസായരംഗത്ത് ചെറുകിട ചാനലുകള്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. 35ല്‍ അധികം ചാനലുകളുള്ള കേരളത്തില്‍ 15 ഓളം പുതിയ ചാനലുകളാണ് തുടങ്ങാനൊരുങ്ങുന്നത്. ഫഌവേഴ്‌സിന്റെ വാര്‍ത്താചാനലായ 24*7, മംഗളം ന്യൂസ് ചാനല്‍ എന്നിവ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംപ്രേഷണം ആരംഭിക്കാനുള്ള പ്രവര്‍ത്തനം അണിയറയില്‍ ത്വരിതഗതിയില്‍ നടക്കുന്നു.
മലയാള ചാനലുകള്‍ മൊത്തം 1200 കോടി രൂപയോളം വിപണി വിഹിതം നേടുന്നതായാണ് കണക്ക്. പ്രാദേശിക ചാനലുകള്‍ മാത്രം 135 കോടിയിലധികം നേടുന്നു. ഇതില്‍ എസിവിയാണ് മുഖ്യ പങ്ക് നേടുന്നത്. മുഖ്യധാരാ ചാനലുകളില്‍ വിപണി വിഹിതത്തിന്റെ പകുതിയിലധികവും ഏഷ്യാനെറ്റ് സ്വന്തമാക്കുന്നു. ഏഷ്യാനെറ്റ്, മനോരമ, സൂര്യ എന്നിവയാണ് എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ മുന്‍നിരക്കാര്‍. ഇപ്പോള്‍ ഫഌവേഴ്‌സും ഇവര്‍ക്ക് ഭീഷണിയായുണ്ട്. ന്യൂസ് ചാനലുകളുടെ മൊത്തം വ്യൂവര്‍ഷിപ്പില്‍ 32 ശതമാനം ഏഷ്യാനെറ്റിനാണെന്ന് ടാം റേറ്റിംഗ് വ്യക്തമാക്കുന്നു. മനോരമ 23 ശതമാനവും മാതൃഭൂമി 16 ശതമാനവും നേടുന്നു. പിന്നില്‍ റിപ്പോര്‍ട്ടര്‍, കൈരളിയുടെ പീപ്പിള്‍ ടിവി ചാനലുകളും. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ പല ചാനലുകളും എത്തിയിട്ടില്ല. മുമ്പ് അഞ്ച് വര്‍ഷമായിരുന്നു ബ്രേക്ക് ഈവന്‍ പീരിയഡ് എങ്കില്‍ ഇപ്പോഴത് അതും കടന്നുപോയിരിക്കുന്നു. സാറ്റലൈറ്റ് ഫീസും മറ്റ് തുടര്‍ചെലവുകളും ഭീമമായി കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ചെറുകിട ചാനലുകള്‍ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണ്. പ്രതിവര്‍ഷം ചുരുങ്ങിയത് 15 കോടി രൂപയുടെ ചെലവ് വാര്‍ത്താചാനലുകള്‍ക്കുണ്ടെന്നാണ് കണക്ക്. പരസ്യം ചെയ്യുന്ന പുതിയ ബ്രാന്‍ഡുകള്‍ കടന്നുവരാത്തതാണ് മറ്റൊരു പ്രതിസന്ധി. മാന്ദ്യം മറ്റൊരു വില്ലനും. ഇതിനിടയിലാണ് ഓരോ ചെറിയ വിഭാഗങ്ങളെയും ഉന്നമിട്ട് പുതിയ ചാനലുകള്‍ കടന്നുവരുന്നത്. കുട്ടികള്‍ക്ക് വരെ മലയാളത്തില്‍ ചാനലുകളായി. ഓരോ വിഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന പുതിയ ചാനലുകള്‍ തുടങ്ങിയില്ലെങ്കില്‍ വിപണി വിഹിതം തീരെ നേര്‍ത്തുപോകുമെന്ന തിരിച്ചറിവിലാണ് മുന്‍നിര ചാനലുകള്‍.

imgit-asianet-mazhavil-manorama-flowers-1st-hd-channel

ഓരോ വര്‍ഷവും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ജേര്‍ണലിസം പഠിച്ചിറങ്ങുന്നത്. ഇത് കൃത്യമായി മനസ്സിലാക്കിയാണ് മാധ്യമസ്ഥാപനങ്ങള്‍ തുച്ഛമായ വേതനത്തിന് ജോലിക്ക് നിര്‍ത്തുന്നത്. ഇവര്‍ പിരിഞ്ഞുപോയാല്‍ വേറെ ആളെ കിട്ടാന്‍ ബുദ്ധിമുട്ടുമില്ല. ശമ്പളം ചോദിച്ചാല്‍ സ്ഥലംമാറ്റം, മറ്റ് ശിക്ഷാനടപടികള്‍ വേറെയും. ഇങ്ങനെ വലിയതോതിലുള്ള ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഗ്ലാമറുള്ള അടിമകളായി ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ മാറിയത് ഇന്നോ ഇന്നലെയോ അല്ല. ഇന്ത്യാവിഷന്റെ ആരംഭകാലത്ത് എം വി നികേഷ് കുമാര്‍ തുടക്കംകുറിച്ച കൂലിയില്ലാതെയും ജോലിചെയ്യാമെന്ന തന്ത്രം ഇപ്പോള്‍ ഏറെക്കുറെ എല്ലാവരും പയറ്റുന്നെന്നുമാത്രം. ഇന്ത്യാവിഷന്‍ വലിയൊരു ദു:ഖമായി അവശേഷിക്കുമ്പോഴും ഇതില്‍ അവസാനകാലംവരെ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ വലിയൊരുതുകതന്നെ ലഭിക്കാനുണ്ടെന്ന യാഥാര്‍ഥ്യം കേരളസമൂഹത്തിന് മുന്നിലുണ്ട്.

© 2024 Live Kerala News. All Rights Reserved.