ഇസ്ലാമിക് സ്‌റ്റേറ്റിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ കൈകോര്‍ക്കുന്നു; പതിനഞ്ച് അംഗ കൗണ്‍സില്‍ പ്രമേയം പാസാക്കി

പാരിസ്: ലോകത്തിന് കടുത്ത ഭീഷണിയായി കനത്ത ഭീകരാക്രമണങ്ങളുമായി മുന്നേറുന്ന ഐ എസിനെ തളയ്ക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു. പാരിസിലുള്‍പ്പെടെ ഭീകരാക്രമണം നടത്തിയ ഐ എസിനെതിരെ ഒറ്റക്കെട്ടായി പോരാടുവാന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലാണ് തീരുമാനമായത്. പാരിസില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 130പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐഎസിനെതിരെയുളള പോരാട്ടത്തിനായി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സ് രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്. രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഫ്രാന്‍സിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഐഎസ് ഭീഷണിയാണെന്ന് പ്രഖ്യാപിക്കുകയും പതിനഞ്ചംഗ കൗണ്‍സില്‍ പ്രമേയം ഒറ്റക്കെട്ടായി അംഗീകരിക്കുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, സിറിയയിലെ യുഎന്‍ അംബാസിഡര്‍ എന്നിവര്‍ പ്രമേയത്തെ സ്വാഗതം ചെയ്യുകയും ഇത് വളരെ നിര്‍ണായക തീരുമാനമാണെന്നും അഭിപ്രായപ്പെട്ടു. നേരത്തെ 37 പേര്‍ കൊല്ലപ്പെട്ട ലെബനിനിലെ സ്‌ഫോടനത്തിനും 224 പേര്‍ കൊല്ലപ്പെട്ട റഷ്യന്‍ വിമാനപകടത്തിനും ഉത്തരവാദികള്‍ ഐഎസ് ആണെന്ന് വ്യക്തമായിരുന്നു.

ലെബനനിലും, ടുണീഷ്യയിലും, അംഗാരയിലും ഐഎസ് ഭീകരാക്രമണങ്ങള്‍ പതിവായിരുന്നു. ബെല്‍ജിയത്തിലെ ബ്രസല്‍സിലും ഐഎസ് ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഐഎസിന് എതിരെ യുഎന്‍ അംഗരാജ്യങ്ങള്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നതും. ഐ എസിനെ ലോകത്തില്‍ നിന്ന് തന്നെ ഉന്‍മൂലനം ചെയ്യാനുള്ള ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചു.

© 2024 Live Kerala News. All Rights Reserved.