കനത്തമഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു; കടുത്ത ആശങ്കയില്‍ പ്രദേശവാസികള്‍

ഇടുക്കി: മഴ ശക്തമായി തുടരുന്നതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ആശങ്ക വിട്ടൊഴിയാതെ പ്രദേശവാസികള്‍. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 135 അടിക്ക് മുകളിലായിട്ടുണ്ട്. പ്രദേശത്ത് മഴ ഇപ്പോഴും തുടരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. തേക്കടിയില്‍ 48.4 മില്ലീമീറ്ററും പെരിയാര്‍ വനമേഖലയില്‍ 55.4 മില്ലീമീറ്ററുമാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. മഴ ശക്തിപ്രാപിച്ചതിനെതുര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 4567 ഘന അടിയായി ് വര്‍ധിച്ചിരിക്കുകയാണ്്. തമിഴ്‌നാട്ടിലും മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ജലം എടുക്കുന്നതിന്റെ അളവ് കുറയുന്നതോടെ ഡാമിന്റെ സുരക്ഷയ്ക്ക് തിരിച്ചടിയാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇങ്ങനെ വന്നാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ 142ലേക്ക് ഉയരും.

മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിലും ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്. 72 അടി സംഭരണ ശേഷിയുള്ള വൈഗയില്‍ 60.43 അടി ജലമാണുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 6102 ഘന അടിയാണ്. തേനി ജില്ലയില്‍ വ്യാഴാഴ്ച 44 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയതോടെ കഴിഞ്ഞ നവംബറില്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷവും ജലനിരപ്പ് 142ലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 1200ല്‍ നിന്ന് 511 ഘനഅടിയാക്കി കുറച്ചു. ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് പ്രവേശിക്കുന്നതോടെ വെള്ളം കേരളത്തിലേക്ക് ഒഴുകാന്‍ തുടങ്ങും.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സുപ്രീംകോടതി നിയോഗിച്ചമൂന്നംഗ ഉന്നതതല സമിതി 30ന് അണക്കെട്ട് സന്ദര്‍ശിക്കാനെത്തും. ഈ വര്‍ഷം ജൂണ്‍ 22നാണ് ഉന്നതതല സമിതി ഏറ്റവും ഒടുവില്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. ചെയര്‍മാന്‍ അഡ്വ. നാഥന്റെ അധ്യക്ഷതയിലുള്ള സമിതി അണക്കെട്ട് സന്ദര്‍ശിച്ച ശേഷം കുമളിയില്‍ യോഗം ചേരും. എന്നാല്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതോടെ ജാഗ്രതാനിര്‍ദേശം നല്‍കുന്നതിനപ്പുറം അധികൃതര്‍ക്കും മറ്റൊന്നും ചെയ്യാനാവാത്ത നിസ്സഹായവസ്ഥയും.

© 2024 Live Kerala News. All Rights Reserved.