കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 

കേരള മീഡിയ അക്കാദമിയുടെ 2014-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തനത്തിനുള്ള അക്കാദമി അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ചീഫ് റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണ, മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് ചന്ദ്രിക കോഴിക്കോട് സീനിയര്‍ സബ് എഡിറ്റര്‍ എ.പി. ഇസ്മായില്‍, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.എന്‍. ജയപ്രകാശ് എന്നിവരും മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് ദീപിക തൊടുപുഴ ബ്യൂറോ ചീഫ് ജോണ്‍സണ്‍ വേങ്ങത്തടം, മികച്ച പ്രാദേശികലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മംഗളം ചവറ ലേഖകന്‍ വി. സുരേന്ദ്രന്‍ പിള്ള, മികച്ച ഫോട്ടോഗ്രഫിക്കുള്ള അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബിജു വര്‍ഗീസ് എന്നിവരുമാണ് അര്‍ഹരായതെന്ന് അക്കാദമി സെക്രട്ടറി എ.എ ഹക്കിം അറിയിച്ചു.

പ്രശസ്തി പത്രവും 25,000 രൂപയുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക. 2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും ഫോട്ടോകളും എഡിറ്റോറിയലുകളുമാണ് അവാര്‍ഡിനു പരിഗണിച്ചതെന്ന് സെക്രട്ടറി പറഞ്ഞു. സ്‌കൂളുകളിലെ മൂത്രപ്പുരകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ആഗസ്റ്റ് 22 മുതല്‍ 31 വരെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘ഞങ്ങള്‍ക്കും ആ ‘ശങ്ക എന്ന പേരിലുള്ള റിപ്പോര്‍ട്ടുകളാണ് പി.ആര്‍. പ്രവീണയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. എ.പി. ഇസ്മായില്‍ പുരസ്‌കാരജേതാവായത് ചന്ദ്രിക ദിനപത്രത്തില്‍ മെയ് 26-ന് പ്രസിദ്ധീകരിച്ച ‘വാര്‍ദ്ധക്യം ഭാരമാകുമ്പോള്‍ എന്ന എഡിറ്റോറിയലിലൂടെയാണ്. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘സെക്രട്ടേറിയറ്റ് വളരുന്നു, ഭരണം തളരുന്നു എന്ന ലേഖനപരമ്പര എസ്.എന്‍. ജയപ്രകാശിന് അവാര്‍ഡ് നേടിക്കൊടുത്തത്. ജോണ്‍സണ്‍ വേങ്ങത്തടത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് ഏപ്രില്‍ 27-ന് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച ‘ആകാശം തൊട്ട സ്വപ്നം എന്ന ഫീച്ചര്‍ ആണ്. ആഗസ്റ്റ് 10 മുതല്‍ 12 വരെ മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘കെ.എം.എം.എല്‍. കമ്പനിയും വിഷം ശ്വസിക്കാന്‍ വിധിക്കപ്പെട്ടവരും എന്ന ലേഖനം വി.സുരേന്ദ്രന്‍ പിള്ളയെ അവാര്‍ഡ് ജേതാവാക്കി. ബിജു വര്‍ഗീസ്’നമുക്ക് ഇങ്ങനെയൊന്നും ആകാതിരിക്കാം എന്ന അടിക്കുറിപ്പോടെ ജൂണ്‍ 11-ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം.

വി.പി. രാമചന്ദ്രന്‍, വൈക്കം മധു, ഡോ.ഡി. ബാബു പോള്‍ (വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്), പി. ജയനാഥ്, ടി.കെ. രാജഗോപാല്‍, ഇ. സോമനാഥ് (ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്), പി.പി. ജെയിംസ്, എസ്. രാധാകൃഷ്ണന്‍, ടി. അരുണ്‍ കുമാര്‍ (ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്), സി. ഗൗരീദാസന്‍ നായര്‍, ജി. ശ്രീകുമാര്‍, ആബെ ജേക്കബ്, (എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്), റോയി മാത്യു, സീമ സുരേഷ്, എം.കെ. വര്‍ഗീസ് (ഫോട്ടോഗ്രഫി അവാര്‍ഡ്), എസ്.ആര്‍. സഞ്ജീവ്, ടി.കെ. സന്തോഷ് കുമാര്‍, കെ. രാജഗോപാല്‍ (ദൃശ്യമാധ്യമ അവാര്‍ഡ്) എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

© 2024 Live Kerala News. All Rights Reserved.