ക്വാമി ഏകതാവാരം നവംബര്‍ 19 മുതല്‍ 25 വരെ

 

ദേശാഭിമാനവും ദേശീയോദ്ഗ്രഥനവും സാമുദായിക സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 19 മുതല്‍ 25 വരെ ക്വാമി ഏകതാവാരം ആചരിക്കും. നവംബര്‍ 19 വ്യാഴാഴ്ച ദേശീയോദ്ഗ്രഥന-സാമുദായിക സൗഹാര്‍ദ്ദ ദിനമായി ആചരിക്കും. വര്‍ഗീയവിരുദ്ധ-അക്രമരഹിത -മതേതര സന്ദേശം ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കും. നവംബര്‍ 20 വെള്ളിയാഴ്ച ന്യൂനപക്ഷക്ഷേമദിനമായി ആചരിക്കും. ന്യൂനപക്ഷക്ഷേമം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കും. സൗഹാര്‍ദ്ദ റാലികളും ലഹളസാധ്യതയുള്ള പ്രദേശങ്ങളില്‍ മതസൗഹാര്‍ദ്ദ റാലികളും സംഘടിപ്പിക്കും.

നവംബര്‍ 21 ശനിയാഴ്ച ഭാഷാ സൗഹൃദദിനമായി ആചരിക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഭാഷാ പൈതൃകത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സാഹിത്യ പരിപാടികളും കവിസമ്മേളനങ്ങളും സംഘടിപ്പിക്കും. നവംബര്‍ 22 ഞായറാഴ്ച ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ദിവസമായി ആചരിക്കും. ദുര്‍ബലവിഭാഗങ്ങള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും വേണ്ടി നടപ്പാക്കിയിട്ടുള്ള സര്‍ക്കാര്‍ പരിപാടികളെ അധികരിച്ച് ചര്‍ച്ചകളും റാലികളും സംഘടിപ്പിക്കും. നവംബര്‍ 23 തിങ്കളാഴ്ച സാംസ്‌കാരിക ഏകതാദിനമായി ആചരിക്കും. നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ അടിസ്ഥാനമാക്കി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 24 ചൊവ്വാഴ്ച വനിതാദിനമായി ആചരിക്കും. വനിതകളുടെ പ്രസക്തിയും രാഷ്ട്രവികസനത്തില്‍ അവരുടെ പങ്കും സംബന്ധിച്ച പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 25 ബുധനാഴ്ച പതാകദിനമായി പരിസ്ഥിതി സംരക്ഷണദിനമായും ആചരിക്കും.

qaumi01

ജില്ലാ കളക്ടര്‍മാരും വകുപ്പു മേധാവികളും പൊതുവിദ്യാഭ്യാസ, കോളേജ് വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാരും എല്ലാ സര്‍വകലാശാല രജിസ്ട്രാര്‍മാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യുട്ടിവുമാരും വാരാചരണം സംബന്ധിച്ച വിശദമായ പരിപാടികള്‍ തയ്യാറാക്കുകയും ഇതു സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സ്ഥാപനമേധാവികള്‍ക്ക് നല്‍കേണ്ടതുമാണ്. എല്ലാ ജില്ലാ കളക്ടര്‍മാരും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറും ആദിവാസിക്ഷേമ ഡയറക്ടറും സാമൂഹ്യക്ഷേമ ഡയറക്ടറും സാഹിത്യ-സംഗീതനാടക അക്കാദമി സെക്രട്ടറിമാരും മുഖ്യവനപാലകനും മതേതരത്വം അക്രമരാഹിത്യം, സാമുദായിക സൗഹൗര്‍ദ്ദം, ന്യൂനപക്ഷ ക്ഷേമം, ഭാഷാപരമായ സൗഹാര്‍ദ്ദം, പട്ടികജാതി/ദുര്‍ബല വര്‍ഗങ്ങളുടെ ക്ഷേമം വനിതാ ക്ഷേമം, സാംസ്‌കാരിക ഏകത എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പരിപാടികള്‍ തയ്യാറാക്കേണ്ടതും അവ സംസ്ഥാനമൊട്ടാകെ നടപ്പില്‍വരുത്തേണ്ടതുമാണ്.

സാമുദായിക സൗഹാര്‍ദ്ദ പ്രചാരണത്തോടനുബന്ധിച്ച് ദേശീയ സാമുദായിക സൗഹാര്‍ദ്ദ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കും. ഈ ഇനത്തില്‍ നല്‍കുന്ന തുക ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിധി സ്വരൂപിക്കുന്നതിനായി പ്ലാസ്റ്റിക് ടിന്‍, തടി പെട്ടികള്‍ തയ്യാറാക്കുകയും തുക സൂക്ഷിക്കുന്നതിനും തിട്ടപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. നിധിയിലേയ്ക്കുള്ള സംഭാവനകള്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേന സെക്രട്ടറി, നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി, സി-വിങ്, ഒന്‍പതാംനില, ലോക് നായക് ഭവന്‍, ഖാന്‍ മാര്‍ക്കറ്റ്, ന്യൂ ഡല്‍ഹി – 110 003 വിലാസത്തില്‍ അയയ്ക്കാം. ഫോണ്‍ : (011) 24633968, 24602859, 24643052, ഫാക്‌സ് (011) 24610524.

© 2024 Live Kerala News. All Rights Reserved.