തോല്‍വിക്ക് പിന്നാലെ ആര്‍എസ്പിയില്‍ പൊട്ടിത്തെറി; യുഡിഎഫ് വിടണമെന്ന് ഒരുവിഭാഗം; എല്‍ഡിഎഫിനോട് വിരോധമില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്പിയില്‍ പൊട്ടിത്തെറി. യുഡിഎഫ് വിട്ട് പുറത്തുപോകണമെന്ന ആവശ്യവുമായി ശക്തമായ ഒരുവിഭാഗം രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ ഒറ്റക്കെട്ടായി നിന്ന പാര്‍ട്ടിയില്‍ പരസ്യപ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തിയത് നേതൃത്വത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് കാലുവാരിയതിനാലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പരസ്യമായി ആരോപിച്ചു. എല്‍ഡിഎഫിനോട് ആര്‍എസ്പിക്ക് വിരോധമില്ലെന്നും കുഞ്ഞുമോന്‍ പറഞ്ഞു. യുഡിഎഫുമായുള്ള ബന്ധം പാര്‍ട്ടി ഉടന്‍ അവസാനിപ്പിക്കണമെന്ന യുവജന വിഭാഗമായ ആര്‍വൈഎഫ് നേതൃത്വവും പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ എതിര്‍ത്തും വര്‍ഗീയതയെ ചെറുത്തത് എല്‍ഡിഎഫ് ആണെന്നും പറഞ്ഞ് എന്‍കെ പ്രേമചന്ദ്രന്‍ എം പി ആദ്യ പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആര്‍എസ്പി യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ പ്രതികരണം.  കനത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് ഉണ്ടായത്.

എല്‍ഡിഎഫില്‍ നിന്നപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക കൂടുതല്‍ ഗുണം കിട്ടിയതെന്ന അഭിപ്രായം പാര്‍ട്ടിയിലെ ഒരുവിഭാഗം ശക്തമായി ഉന്നയിക്കുന്നു. ദേവസ്വം ബോര്‍ഡില്‍ അഗത്വം വാഗ്ദാനം ചെയ്തുവെങ്കിലും യുഡിഎഫ് നേതൃത്വം അത് പാലിച്ചില്ല. പാര്‍ട്ടിയുമായി ചര്‍ച്ച പോലും നടത്താതെയാണ് ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ നടന്നത്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ആര്‍എസ്പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

മുന്നണി വിടുന്നതിനും യുഡിഎഫില്‍ തുടരണമെന്നും ശക്തമായി വാദിക്കുന്നത് സംസ്ഥാന സെക്രട്ടറി എ എ അസീസ് ആണ്. ഇതിന് വിരുദ്ധമായി കോവൂര്‍ കുഞ്ഞുമോന്‍ പരസ്യം പ്രതികരണം നടത്തിയത് നേതൃനിരയിലെ ശക്തമായ വിഭാഗം കു്ഞ്ഞുമോന് പിന്തുണ നല്‍കിയതിനാലാണ്. പരസ്യ പ്രതികരണം നടത്തയിത് ശരിയായ രീതിയല്ലെന്ന് കൊല്ലം ജില്ലാ സെക്രട്ടറി ഫിലിപ് കെ തോമസ് മറുപടിയുമായി എത്തി. തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യാന്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. ഈ യോഗത്തില്‍ മുന്നണിയില്‍ തുടരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും.

courtesy :southlive.in

© 2024 Live Kerala News. All Rights Reserved.