പമ്പയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം ഉടന്‍: മന്ത്രി ശിവകുമാര്‍

 

സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മാതൃകയില്‍ അടുത്ത തീര്‍ത്ഥാടന കാലത്തിനു മുന്‍പ് പൂര്‍ത്തിയാവുന്ന രീതിയില്‍ പമ്പയിലും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്നിധാനത്ത് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും മറ്റ് പ്രോജക്ടുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ 23 കോടി രൂപ മുടക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സന്നിധാനത്ത് നിര്‍മിച്ച മാലിന്യ പ്ലാന്റിന് പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുണ്ട്.

പമ്പാനദി മലിനമാകുന്നത് തടയാനുള്ള ഒരു ശാശ്വത പരിഹാരമായാണ് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റിനെ സര്‍ക്കാരും അയ്യപ്പഭക്തരും നോക്കികാണുന്നത്. അഞ്ച് കോടി രൂപ മുടക്കി സന്നിധാനത്ത് പണികഴിപ്പിക്കാനുദ്ദേശിക്കുന്ന ആധുനിക ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. കൂടാതെ 39 കോടി രൂപ മുടക്കി ശരംകുത്തിയില്‍ പുതുതായി പണികഴിപ്പിച്ച ക്യൂ കോംപ്ലക്‌സ്, പമ്പയിലെ റെസ്റ്റോറന്റ് ബ്ലോക്ക്, നിലയ്ക്കലിലെ റോഡുകളുടെയും പാര്‍ക്കിംഗ് യാര്‍ഡുകളുടെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. സന്നിധാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷ വഹിച്ചു.

പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ കരാറുകാരന്‍ അജിത് ഹരിദാസിനെയും, എന്‍ജിനീയര്‍ വിശ്വനാഥമേനോനെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി രാമരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവന്‍, അസിസ്റ്റന്റ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ നളിനാക്ഷന്‍ നായര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ മുരളി കൃഷ്ണന്‍, ശബരിമല ഡവലപ്‌മെന്റ് പ്രോജക്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.എല്‍ വിനയകുമാര്‍, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ ജി.മോഹനനാഥപണിക്കര്‍, മാലിന്യ പ്ലാന്റിന്റെ പ്രോജക്ട് ഓഫീസര്‍ ജോളി ഉല്ലാസ്, ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍പോറ്റി, ജി.എസ് ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.