മാണി തെറ്റുകാരന്‍; തുടരന്വേഷണം വേണം: ഹൈക്കോടതി

 

ബാര്‍ കോഴക്കേസില്‍ മന്ത്രി കെഎം മാണിക്കെതിരേ തുടരന്വേഷണമാവാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരി വച്ചു. വിജിലന്‍സ് കോടതി വിധിക്കെതിരേ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ബി. കമാല്‍ പാഷയാണ് വിധി പ്രസ്താവിച്ചത്. മാണി മന്ത്രിയായി തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന് കോടതി പരാമര്‍ശിച്ചു. മന്ത്രിപദവിയില്‍ തുടരുന്നത് സംബന്ധിച്ച് മാണിയുടെ മനസ്സാക്ഷിക്കു വിടുന്നെന്നും കോടതി പറഞ്ഞു. വിധി റദ്ധാക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രാഥമിക വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. വസ്തുതാ വിവര റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും വിളിച്ചു വരുത്താന്‍ വിജിലന്‍സ് കോടതിക്ക് അധികാരമുണ്ട് എന്ന് വിധി പ്രസ്താവനയില്‍ ഹൈക്കോടതി പറഞ്ഞു. വിജിലന്‍സ് ഡയറക്ടറുടെ ചില നടപടികളില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഡയറക്ടര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചതായി കോടതി കുറ്റപ്പെടുത്തി. ഡയറക്ടര്‍ തെളിവുകള്‍ പരിശോധിച്ചില്ല. വസ്തുതാ വിവര റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് തന്നെ തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു എന്നും കോടതി പറഞ്ഞു.

വിധിയോടെ സംസ്ഥാന സര്‍ക്കാരും യുഡിഎഫും വെട്ടിലായിരിക്കുകയാണ്. മന്ത്രി മാണി രാജി വെക്കാതെ അന്വേഷണവുമായി മുന്നോട്ടു പോകാനാവില്ലെന്നിരിക്കെ സര്‍ക്കാരിന്റെ നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെടും. മാത്രമല്ല വിഷയത്തില്‍ യുഡിഎഫിനും കോണ്ഗ്രസിനും ഉള്‌ലില്‍ തന്നെ പൊട്ടിത്തെറി ഉണ്ടാകാനും സാധ്യത ഏറെയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു ഫലം പുറത്ത് വന്നപ്പോള്‍ മുതല്‍ മാണിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ രംഗത്തു വന്നിരുന്നു.

വിജിലന്‍സിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. നേരത്തെ കേസില്‍ വാദം തുടങ്ങിയപ്പോള്‍ വിജിലന്‍സിനു വേണ്ടി എജി കെ.പി ദണ്ഡപാണി ഹാജരായത് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് കപില്‍ സിപല്‍ ഹാജരായത്.

© 2024 Live Kerala News. All Rights Reserved.