റയലിനെ അട്ടിമറിച്ച് സെവിയ്യ; നെയ്മറുടെ മികവില്‍ ബാഴ്‌സ

 

സ്പാനിഷ് ലീഗില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡിനെതിരെ സെവിയ്യ എഫ്‌സിക്ക് അട്ടിമറി വിജയം. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സെവിയ്യ റയലിനെ അട്ടിമറിച്ചത്. സെവിയ്യയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 22-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ ഗോളിലൂടെ റയല്‍ മുന്നില്‍ കടന്നെങ്കിലും കിറോ ഇമ്മോബീലി (36), എവര്‍ ബെനേഗ (61), ഫെര്‍ണാണ്ടോ ലോറന്‍ (74) എന്നിവരിലൂടെ സെവിയ്യ 3-1ന് മുന്നിലെത്തുകയായിരുന്നു. ഒടുവില്‍ ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിലൂടെയാണ് റയല്‍ ഒരു ഗോള്‍ മടക്കിയത്.

അതേസമയം, ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് വിയ്യാറയലിനെ കീഴടക്കി. നെയ്മറിന്റെ ഇരട്ട ഗോളാണു ബാഴ്‌സയുടെ വിജയത്തിന്നാധാരം. ഇതോടെ രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ മൂന്നു പോയിന്റ് മുന്നിലായി ബാഴ്‌സ. സ്വന്തം തട്ടകമായ ന്യൂകാമ്പില്‍ ഇറങ്ങിയ ബാഴ്‌സലോണയ്ക്ക് ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 60-ാം മിനിറ്റില്‍ നെയ്മറിലൂടെയാണ് ബാഴ്‌സ ലീഡ് നേടുന്നത്. പിന്നീട് 70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ലൂയിസ് സുവാരസ് ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. 85-ാം മിനിറ്റില്‍ നെയ്മര്‍ വീണ്ടും ഗോല്‍വല കുലുക്കി ബാഴ്‌സയുടെ ജയം 3-0ല്‍ എത്തിച്ചു.