ചരിത്രവിജയം സ്വന്തമാക്കി ബിജെപി

 

തദ്ദേശ സ്വയംഭരണത്തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്വന്തമാക്കിയത് ചരിത്രവിജയം. 16 ഗ്രാമപ്പഞ്ചായത്തുകളിലാണ് ബിജെപി ഭരണം പിടിച്ചത്. ആറ് സീറ്റുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഇക്കുറി 34 സീറ്റുകളാണ് കരസ്ഥമാക്കിയത്. ഒരു സീറ്റുപോലുമില്ലാതിരുന്ന കോഴിക്കോടും കൊല്ലത്തും ഏഴും അഞ്ചും സീറ്റുകള്‍ നേടി. ഒരു സീറ്റ് മാത്രമുണ്ടായിരുന്ന തൃശ്ശൂരില്‍ അത് ഏഴിലേക്ക് ഉയര്‍ത്താനും പാര്‍ട്ടിക്ക് സാധിച്ചു എന്നതാണ് നേട്ടം.

അതെസമയം കൊച്ചി കോര്‍പറേഷനിലും കണ്ണൂര്‍ കോര്‍പറേഷനിലും പിറകോട്ടടിച്ചു. കൊച്ചിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കില്‍ കണ്ണൂരില്‍ ഒറ്റ സീറ്റു പോലും നേടാനുമായില്ല. എന്നാല്‍ മലപ്പുറം ജില്ലയിലുള്‍പ്പെടെ വിവിധയിടങ്ങളില്‍ അക്കൗണ്ടു തുറക്കാനായത് പാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നു.

മൊത്തം 807 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെയാണ് ബിജെപി നേടിയത്. ഒപ്പം 236 മുനിസിപ്പല്‍ അംഗങ്ങളും, 51 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരേയും, 28 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളേയും മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും ബിജെപി കരസ്ഥമാക്കി. കാസര്‍കോട്ടെ മൂന്ന് പഞ്ചായത്തുകളിലെ ഭരണവും പാലക്കാട്ടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന സ്ഥാനവും, തിരുവനന്തപുരം കോര്‍പറേഷനിലെ ആറ് കൗണ്‍സിലര്‍മാരും മാത്രമായിരുന്നു അഞ്ച് വര്‍ഷം മുമ്പത്തെ ബിജെപിയുടെ സമ്പാദ്യം. അവിടെ നിന്നാണ് ഇത്തരമൊരു ചരിത്ര നേട്ടത്തിലേക്ക് ബിജെപി എത്തിയത്.

bjp-flag

കാസര്‍കോട് ജില്ലയിലാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ സ്വന്തമായത്. ബദിയടുക്ക, ബേളൂര്‍, കാറഡുക്ക, മധുര്‍, പപൈവളിഗെ എന്നീ അഞ്ച് പഞ്ചായത്തുകളിലാണ് പാര്‍ട്ടി ഭരണം പിടിച്ചത്. കൂടാതെ തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും ബിജെപി ഭരണം പിടിച്ചു. തൃശ്ശൂര്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലും പാലക്കാട് എരുത്തേംപതി ഗ്രാമപ്പഞ്ചായത്തിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി, കൊടുങ്ങല്ലൂര്‍, കാസര്‍കോട്, മാവേലിക്കര, തൃപ്പൂണിത്തുറ, ഷൊര്‍ണൂര്‍, താനൂര്‍, പരപ്പനങ്ങാടി മുനിസിപ്പാലിറ്റികളിലെ ഏറ്റവും വലിയ രണ്ടാംകക്ഷിയാവാനും ബിജെപിക്ക് കഴിഞ്ഞു എന്നതും നേട്ടമാണ്. കോഴിക്കോട് വടകരയില്‍ ആദ്യമായി രണ്ടംഗങ്ങളെ ജയിപ്പിക്കാനായതും നേട്ടമാണ്. കൂടാതെ പുതിയ മുനിസിപ്പാലിറ്റികളായ ഫറോക്കിലും മുക്കത്തും അക്കൗണ്ട് തുറക്കാനും ബിജെപിക്ക് കഴിഞ്ഞു.

ഇതിനുപുറമെ തലശ്ശേരി, കുന്നംകുളം, ഒറ്റപ്പാലം എന്നീ മുനിസിപ്പാലിറ്റികളിലെ ശക്തമായ സാന്നിദ്ധ്യമാകാനും പാര്‍ട്ടിക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. കൂടാതെ ആറ്റിങ്ങല്‍, നെടുമങ്ങാട് ,നെയ്യാറ്റിന്‍കര, വര്‍ക്കല, പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പന്തളം, തിരുവല്ല, കായംകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ, ഹരിപ്പാട്, കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, വൈക്കം, പാല, തൊടുപുഴ, മൂവാറ്റുപുഴ, ആലുവ, ഏലൂര്‍, പെരുമ്പാവൂര്‍, പിറവം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, പൊന്നാനി, കോട്ടക്കല്‍ എന്നീമുനിസിപ്പാലിറ്റികളില്‍ ചരിത്രമുന്നേറ്റമാണ് ബിജെപി കാഴ്ചവച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.