ആന്തൂര്‍ നഗരസഭയില്‍ പി.കെ ശ്യാമള ചെയര്‍പേഴ്‌സനാകും

 

ആന്തൂര്‍ നഗരസഭയുടെ പ്രഥമ ചെയര്‍പേഴ്‌സണായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ തിരഞ്ഞെടുക്കും. തളിപ്പറമ്പ് നഗരസഭയുടെ മുന്‍ ചെയര്‍പേഴ്‌സനാണ് പി.കെ ശ്യാമള. മൊറാഴ സെന്‍ട്രല്‍ യുപി സ്‌കൂള്‍ അധ്യാപികയാണ് ശ്യാമള. ഇരിട്ടി ഉളിയില്‍ സ്വദേശിനിയായ ശ്യാമള 2000 മുതല്‍ 2005 വരെ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണായിരുന്നു.

ആന്തൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡായ മൊറാഴയില്‍ നിന്ന് എതിരില്ലാതെയാണ് പി.കെ ശ്യാമള തിരഞ്ഞെടുക്കപ്പെട്ടത്. മട്ടന്നൂര്‍ പഴശിരാജ കോളജില്‍നിന്നു ബിരുദവും പിന്നീട് ബിഎഡും നേടി. കോളജ് പഠനകാലത്ത് യൂണിയന്‍ വൈസ് ചെയര്‍മാനായിരുന്നു. എസ്എഫ്‌ഐ ജില്ലാ ഭാരവാഹി, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി അംഗവും ജില്ലാ ജോ.സെക്രട്ടറിയുമാണ്.

© 2024 Live Kerala News. All Rights Reserved.