മലപ്പുറത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമോ? 270 കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍; ആസൂത്രിത ശ്രമമെന്ന് കമ്മീഷന്‍; അല്ലെന്ന് കളക്ടര്‍; പോളിങ് തടസ്സപ്പെട്ട ബൂത്തുകളില്‍ റീപോളിങിന് സാധ്യത

മലപ്പുറം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം നടന്നതായി സംശയിക്കത്ത വിധത്തില്‍ മലപ്പുറത്ത് വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട്. 270 ബൂത്തുകളിലാണ് തകരാര്‍ കണ്ടെത്തിയത്. ആസൂത്രിതമായ ബാഹ്യഇടപെടല്‍ നടന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, അട്ടിമറി നീക്കം നടന്നതായി കരുതുന്നില്ലെന്നും സ്വാഭാവിക തകരാര്‍ മാത്രമാണ് ഉണ്ടായതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പല സ്ഥലങ്ങളിലും യന്ത്രം മാറ്റിവെച്ചും തകരാര്‍ പരിഹരിച്ചും വോട്ടിങ് പുനരാരംഭിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പകുതിയോളം ഇടങ്ങളില്‍ പുതിയ യന്ത്രമെത്തിച്ച് വോട്ടിങ് പുനരാരംഭിച്ചിട്ടുണ്ട്.

 

മൂന്നു മണിക്കൂറിലേറെ വോട്ടിങ് തടസ്സപ്പെട്ട കേന്ദ്രങ്ങളില്‍ റീ പോളിങ് നടത്തുന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സിപിഐഎം, മുസ്ലീം ലീഗ്, കോണ്‍ഗ്രസ് എന്നിവര്‍ ഉള്‍പ്പടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും തകരാര്‍ ഉണ്ടായ സ്ഥലങ്ങളില്‍ റീ പോളിങ് ആവശ്യപ്പെട്ടിട്ടുണ്ട്. തടസ്സപ്പെട്ട കേന്ദ്രങ്ങളില്‍ അഞ്ചുമണിക്ക് ക്യൂവിലുള്ള എല്ലാവര്‍ക്കും എത്ര വൈകിയും വോട്ട് ചെയ്യാമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുള്ളത്. ഇത് പോരെന്ന് പാര്‍ട്ടികള്‍ വ്യക്തമാക്കി. തൃശൂര്‍ ജില്ലയിലും 65 കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായി.

യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മീഷന്‍ ജില്ലാ കളക്ടറോടും എസ്പിയോടും വിശദീകരണം തേടി. മലപ്പുറത്ത് മുസ്ലീംലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് വോട്ടിംഗ് വ്യാപകമായി തടസ്സപ്പെട്ടുകൊണ്ടിരിക്കുന്നത്.

വോട്ടിംഗ് യന്ത്രത്തില്‍ സെല്ലോ ടേപ്പ്, സ്റ്റിക്കര്‍, പേപ്പര്‍ കഷ്ണങ്ങള്‍ എന്നിവ ഒട്ടിച്ചു വോട്ടിംഗ് തടസ്സപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തെരഞ്ഞെടുപ്പ് സമയം തുടങ്ങുന്നതിന് മുന്‍പ് മോക്ക് പോളിംഗ് നടത്തിയപ്പോള്‍ മെഷീനുകള്‍ക്ക് പ്രശ്‌നം ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍, പോളിംഗ് ആരംഭിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ പ്രശ്‌നങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന സംശയമുണ്ടായത്.

വ്യാപകമായി തെരഞ്ഞെടുപ്പ് തടസ്സപ്പെടുന്ന സംഭവമുണ്ടായതിനെ തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ മലപ്പുറം ജില്ലാ ഭരണകൂടത്തില്‍നിന്ന് അടിയന്തിരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഭരണ നേതൃത്വം എന്നിവരുമായി തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സംസാരിക്കുന്നുണ്ട്. അതേസമയം, ഇത് അട്ടിമറിക്കുള്ള ശ്രമമാണെന്ന കാര്യത്തിന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

 

ബൂത്തുപിടുത്തം, വോട്ടിംഗ് മെഷീനുകള്‍ നശിപ്പിക്കല്‍, ബൂത്തില്‍ അക്രമം തുടങ്ങിയവ സാധാരണയായി തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകാറുണ്ടെങ്കിലും തുടരെ തുടരെ വോട്ടിംഗ് മെഷീനുകളില്‍ എന്തെങ്കിലും ചെയ്തതിനെ തുടര്‍ന്ന് യന്ത്രത്തിന് തകരാറ് സംഭവിക്കുകയും വോട്ടിംഗ് തടസ്സപ്പെടുകയും ചെയ്യുന്നത് ഇതാദ്യമാണ്. ഇത്തരമൊരു സാഹചര്യം മുന്‍പുണ്ടായിട്ടില്ല എന്നതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെട്ടെന്ന് തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടത്.

അതേസമയം വോട്ടിംഗ് യന്ത്രത്തില്‍ തകരാറ് സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുസ്ലീംലീഗ് നേതാവ് കെപിഎ മജീദ് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരമുണ്ടാക്കുന്നതിനായി വോട്ടിംഗിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും കെപിഎ മജീദ് പറഞ്ഞു. സംശയത്തിന്റെ പേരില്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ പെട്ടെന്ന് തന്നെ നടപടി എടുക്കണമെന്നും പോളിംഗ് പുനരാരംഭിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംഭവം അതീവ ഗൗരവതരമാണെന്നും സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ് അട്ടിമറി ശ്രമമുണ്ടായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികടക്കമുള്ളവര്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയിട്ടുണ്ട്. ഈ മേഖലകളില്‍ റീപോളിങ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ട ബൂത്തുകള്‍

മലപ്പുറം

മക്കരപ്പറമ്പ് പഞ്ചായത്ത് – വടക്കാങ്ങര ജിയുപി സ്‌കൂളിലെ ഒന്നാം ബൂത്ത്, കുറ്റിപ്പുറം പഞ്ചായത്തിലെ കൊളക്കാട് നൂറുല്‍ ഇസ്!ലാം മദ്രസ്സയിലെ രണ്ടാം ബൂത്ത്, പേരശന്നൂര്‍ ഹൈസ്‌കൂളിലെ ഒന്നാം ബൂത്ത്.

മങ്കട പഞ്ചായത്ത് – വെള്ളില യുപി സ്‌കൂളിലെ ഒരു ബൂത്ത്, കടന്നമണ്ണ എയുപി സ്‌കൂളിലെ ഒരു ബൂത്ത്, ചേരിയം ജിയുപിയിലെ ഒരു ബൂത്ത്, കൂട്ടില്‍ എഎംയുപിയിലെ രണ്ടു ബൂത്തുകള്‍, മങ്കട ജിവിഎച്ച്എസ്എസ്സിലെ ഒരു ബൂത്ത്, കര്‍ക്കിടകം ജിഎല്‍പിയിലെ രണ്ടു ബൂത്തുകള്‍, പുത്തന്‍വീട് അന്‍വാറുല്‍ ഇസ്‌ലാം മദ്രസ്സയിലെ ഒരു ബൂത്ത്.

അങ്ങാടിപ്പുറം പഞ്ചായത്ത് – ഹമാദ് ഐടിസിയിലെ ബൂത്ത്, വലമ്പൂര്‍ എഎംഎല്‍പിയിലെ ഒരു ബൂത്ത്, അങ്ങാടിപ്പുറം തരകന്‍ ഹൈസ്‌കൂളിലെ രണ്ടാം ബൂത്ത് (14ാം വാര്‍ഡ്), പരിയാപുരം എല്‍പി സ്‌കൂളിലെ ഒന്നാം ബൂത്ത് (16ാം വാര്‍ഡ്).

മൂര്‍ക്കനാട് പഞ്ചായത്ത് – മൂര്‍ക്കനാട് എഎംഎല്‍പി സ്‌കൂളിലെ ഒരു ബൂത്ത്, വടക്കുംപുറം മദ്രസാ ബൂത്ത്, മൂര്‍ക്കനാട് കൃഷി ഭവന്‍ ഒന്നാം ബൂത്ത്, കൊളത്തൂര്‍ എന്‍എച്ച് സ്‌കൂളിലെ ഒന്നാം ബൂത്ത്.

ആലങ്കോട് പഞ്ചായത്ത് – പാവിട്ടപ്പുറം എഎംഎല്‍പിയിലെ ഒന്നാം ബൂത്ത്, ചങ്ങരംകുളം മലബാര്‍ ഐടിസിയിലെ ഒന്നാം ബൂത്ത്.

കുറുവ പഞ്ചായത്ത് – ചെറുകുളമ്പ് കെഎസ്‌കെഎം യുപി രണ്ടാം ബൂത്ത്, പഴമള്ളൂര്‍ ജിഎല്‍പിയിലെ രണ്ടാം ബൂത്ത്, തച്ചങ്കുളമ്പ് മദ്രസയിലെ ഒരു ബൂത്ത്.

പുലാമന്തോള്‍ പഞ്ചായത്ത് – പാലൂര്‍ എല്‍പി സ്‌കൂളിലെ രണ്ടാം ബൂത്ത്, ചേലക്കാട് യുപി സ്‌കൂളിലെ ഒന്നും രണ്ടും ബൂത്തുകള്‍, പുലാമന്തോള്‍ എയുപിയിലെ രണ്ടു ബൂത്തുകള്‍.

കീഴാറ്റൂര്‍ പഞ്ചായത്ത് – പൂന്താവനം എഎംഎല്‍പി സ്‌കൂളിലെ ഒന്നാം ബൂത്ത്.

തൃക്കലങ്ങോട് പഞ്ചായത്ത് – ആമയൂര്‍ എഎംഎല്‍പി സ്‌കൂള്‍ ഒന്നാം ബൂത്ത്.

മമ്പാട് പഞ്ചായത്ത് – മമ്പാട് എംഇഎസ് കോളജിലെ ബൂത്ത്.

കൂട്ടിലങ്ങാടി പഞ്ചായത്ത് – പടിഞ്ഞാര്‍മണ്ണ മദ്രസയിലെ ഒന്നാം ബൂത്ത്, കടുങ്ങൂത്ത് മദ്രസയിലെ ബൂത്ത്.

വെട്ടത്തൂര്‍ പഞ്ചായത്ത് – വെട്ടത്തൂര്‍ എഎംയുപി മൂന്നു ബൂത്തുകള്‍ (വാര്‍ഡ് ഏഴിലെ രണ്ടാം ബൂത്ത്, വാര്‍ഡ് എട്ടിലെ രണ്ടാം ബൂത്ത്, 10–ാം വാര്‍ഡിലെ രണ്ടാം ബൂത്ത്), മേല്‍ക്കുളങ്ങര ജിഎല്‍പി സ്‌കൂളിലെ രണ്ടാം ബൂത്ത് (11–ാം വാര്‍ഡ്).

പൂക്കോട്ടൂര്‍ പഞ്ചായത്ത് – അത്താണിക്കല്‍ ജിഎംഎല്‍പി ഒന്നാം ബൂത്ത് (വാര്‍ഡ് 14), ചീനിക്കല്‍ എഎംഎല്‍പി ഒന്നാം ബൂത്ത് (വാര്‍ഡ് 13), പൂക്കോട്ടൂര്‍ പിഎച്ച്‌സി സബ് സെന്റര്‍ ഒന്നാം ബൂത്ത് (വാര്‍ഡ് 15), പൂക്കോട്ടൂര്‍ ജിഎംഎല്‍പി ഒന്നാം ബൂത്ത് (വാര്‍ഡ് 9), പൂക്കോട്ടൂര്‍ എയുപി (വാര്‍ഡ് 10).

കോഡൂര്‍ പഞ്ചായത്ത് – വടക്കേമണ്ണ ജിഎല്‍പിഎസ് ഒന്നാം ബൂത്ത് (വാര്‍ഡ് രണ്ട്).

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകളില്‍ വോട്ടിങ് യന്ത്രം കേടായി. മറ്റത്തൂര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡ് കടമ്പൂര്‍ സ്‌കൂള്‍, 13 ാം വാര്‍ഡ് മങ്കുറ്റിപ്പാടം ഗ്രാമമന്ദിരം, ഏഴാം വാര്‍ഡ് കിഴക്കെകോടാലി ഗ്രാമമന്ദിരം, രണ്ടാം വാര്‍ഡ് ചെമ്പൂച്ചിറ, 14 ാം വാര്‍ഡ് വിമല ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വോട്ടിങ് യന്ത്രമാണ് തകരാറിലായത്. കോട്ടയത്ത് പതിനഞ്ചിടത്ത് യന്ത്രം തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. എട്ട് യന്ത്രം പുതിയവ സ്ഥാപിച്ചു.

ആലപ്പുഴ

ആലപ്പുഴയില്‍ നൂറനാട് എരുമക്കുഴി, കലവൂര്‍ പാട്ടകുളം ബൂത്തുകളില്‍ യന്ത്രത്തകരാര്‍ കാരണം പോളിങ് തടസപ്പെട്ടു.

 

courtesy : southlive.in

© 2024 Live Kerala News. All Rights Reserved.