ബീഫ് വിവാദം; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തിയ പ്രാദേശിക നേതാവിനെ ബിജെപി തള്ളിപ്പറഞ്ഞു; വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പ്

ബംഗ്ളൂരു; ഷിമോഗയില്‍ വന്ന് ബീഫ് തിന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തലവെട്ടുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രാദേശിക നേതാവ് എസ്എന്‍ ചന്നബസപ്പയെ ബിജെപി സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച് ചന്നബസപ്പയില്‍ നിന്നും ബിജെപി വിശദീകരണവും തേടിയിട്ടുണ്ട്. ഷിമോഗ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ അധ്യക്ഷനായ ചന്നബസപ്പ നടത്തിയ പോലുളള പരാമര്‍ശങ്ങള്‍ മറ്റ് നേതാക്കള്‍ നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷി പറഞ്ഞു.

രാജ്യത്തെ ബീഫ് രാഷ്ട്രീയ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത് എത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. താനൊരു സസ്യഭുക്കാണെങ്കിലും വേണ്ടിവന്നാല്‍ ബീഫ് കഴിക്കുമെന്നും
എന്നെ അതില്‍നിന്ന് തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഭക്ഷണം കഴിക്കാനുളള ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണം എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന. ഇതിനെതിരെയാണ് ബിജെപിയുടെ പ്രാദേശിക നേതാവ് എസ്എന്‍ ചന്നബസപ്പ ഭീഷണി മുഴക്കിയത്.

‘അയാള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഷിമോഗയിലെത്തി ബീഫ് തിന്നട്ടെ. ഞങ്ങള്‍ അയാളെ വെറുതെ വിടുമെന്ന് കരുതിയെങ്കില്‍ തെറ്റി. അയാള്‍ ഒരു പശുവിനെ കൊന്നു കാണിക്കട്ടെ, അയാളുടെ തല ഞങ്ങള്‍ ശരീരത്തില്‍നിന്ന് വേര്‍പെടുത്തി എടുത്ത് അതുകൊണ്ട് ഫുട്‌ബോള്‍ കളിക്കും’ എന്നിങ്ങനെ ആയിരുന്നു ചന്നബസപ്പയുടെ വധഭീഷണി. തുടര്‍ന്ന് പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ഷിമോഗ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവം വലിയ വിവാദമായതോടെ ബിജെപി പതിവുപോലെ താക്കീതും തള്ളിപ്പറയലുമായി രംഗത്ത് എത്തിയിട്ടുമുണ്ട്.

courtesy ; southlive

© 2024 Live Kerala News. All Rights Reserved.