തനിക്ക് നോട്ടീസ് അയച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരും ഡി.ജി.പി ജേക്കബ് തോമസും തുറന്ന പോരിലേയ്ക്ക് നീങ്ങുന്നതായി സൂചന. ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാതെ മറുചോദ്യത്തിലൂടെ സര്‍ക്കാരിനെ ചോദ്യം ചെയ്തുകൊണ്ടാണ് ജേക്കബ് തോമസ് രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ അച്ചടക്ക ലംഘനത്തിന് നോട്ടീസ് അയച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാരിനോട് ജേക്കബ് തോമസ് ചോദിച്ചു. തെളിവില്ലാതെ തനിക്കെതിരെ ഇത്തരത്തില്‍ ഒരു നോട്ടീസ് അയയ്ക്കുന്നതുപോലും ശരിയല്ല. തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് വിശദീകരിക്കണമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
അതേസമയം, ഈഘട്ടത്തില്‍ തെളിവു നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും അന്വേഷണ സമിതി രൂപീകരിക്കുമ്പോള്‍ മാത്രം തെളിവുകള്‍ നോക്കിയാല്‍ മതിയെന്നും ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി മറുപടി നല്‍കി. 15 ദിവസത്തെ സമയത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ നോട്ടീസും സര്‍ക്കാര്‍ ജേക്കബ് തോമസിന് അയച്ചിട്ടുണ്ട്.
ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിയ്ക്ക് എതിരായ കോടതിവിധിയേയും ജേക്കബ് തോമസ് പരസ്യമായി സ്വാഗതം ചെയ്ത ജേക്കബ് തോമസ് ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നും തന്നെ മാറ്റിയതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ജേക്കബ് തോമസിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

courtesy :mangalam.com

© 2024 Live Kerala News. All Rights Reserved.