വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം; സിപിഐഎമ്മിന്റെ ഒടുങ്ങാത്ത പകയാണ് ആക്രമണത്തിന് പിന്നിലെന്ന് കെ.കെ. രമ

കോഴിക്കോട്; വടകരയില്‍ വള്ളിക്കാട്ട് സ്ഥാപിച്ചിരുന്ന ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം നടത്തിയത്. താത്കാലികമായി നിര്‍മിച്ച സ്തൂപം തല്ലിത്തകര്‍ക്കുകയും, സ്തൂപത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. നാലാംതവണയാണ് ഈ സ്തൂപത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര റൂറല്‍ മേഖലകളില്‍ ഇന്നലെ ആര്‍എംപി-സിപിഐഎം സംഘര്‍ഷം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്തൂപം തകര്‍ക്കപ്പെട്ടതെന്നാണ് ആര്‍എംപി നേതാവും, ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ ആരോപിക്കുന്നത്.

സിപിഐഎമ്മിന് ടി.പി. ചന്ദ്രശേഖരനോടുളള തീരാത്ത പകയും, അസഹിഷ്ണുതയുമാണ് ആക്രമണത്തിനു പിന്നിലെന്നും ഇതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ആര്‍എംപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും കെ.കെ. രമ വ്യക്തമാക്കി. മുന്‍പ് സ്തൂപം തല്ലിത്തകര്‍ത്ത കേസിലെ പ്രതികളെ പൊലീസ് ഇനിയും പിടികൂടിയിട്ടില്ലെന്നും പൊലീസ് കാവല്‍ ഏര്‍പ്പെടുത്താമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാമെന്നും നല്‍കിയ ഉറപ്പുകള്‍ വെറുതെയായിരുന്നെന്നും രമ കൂട്ടിച്ചേര്‍ത്തു. ഇന്നലെ കൊയിലാണ്ടിയില്‍ എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും, ഇപ്പോള്‍ ജനാധിപത്യവേദി പ്രവര്‍ത്തകനുമായ ലാല്‍ കിഷോറിനെയും സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. കഴുത്തിനു സാരമായി പരുക്കേറ്റ ലാല്‍ കിഷോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

courtesy : southlive.in

© 2024 Live Kerala News. All Rights Reserved.