മലയാളഭാഷാനിയമം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മന്ത്രി കെ സി ജോസഫ്

മലയാളഭാഷാനിയമം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഭാഷാനിയമത്തിന്റെ കരട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് . കഴിഞ്ഞ നിയമസഭാ സമ്മേളനങ്ങളില്‍ അടിയന്തര ധനകാര്യ നടപടികള്‍ മാത്രമായിരുന്നു നടന്നത്. ഭാഷാനിയമം സംബന്ധിച്ച കരട് ബില്ല് ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നിരുന്നു. ഇതില്‍ ചില മാറ്റങ്ങള്‍ ആവശ്യമായതിനാല്‍ വിശദമായ പരിശോധന നടത്തണമെന്ന് അഭിപ്രായവും ഉണ്ടായി. കരട് പരിശോധിച്ച് ഉടന്‍ നടപടികള്‍ സ്വീകരിക്കും. ഭാഷാനിയമത്തിന് ആരും എതിരല്ല. നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

മലയാള ഭാഷയ്ക്ക് വേണ്ടി ഒരു സര്‍വകലാശാല ആരംഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ശ്രേഷ്ഠഭാഷാപദവി മലയാളത്തിന് നേടാനായത് ഈ സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണെന്നുള്ള കാര്യം വിസ്മരിക്കരുത്. മലയാളം ഒന്നാം ഭാഷയാക്കി. കീഴ്‌ കോടതികളില്‍ മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നു. ഈ നേട്ടങ്ങളെല്ലാം തമസ്‌കരിക്കാനാണ് ഭാഷാനിയമം മാത്രം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാരിനെ പഴിചാരാന്‍ ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.