പിണറായിക്കും ബേബിക്കും പിന്നാലെ മുസ്ലീം ലീഗ് അനുകൂല നിലപാടുമായി ഇ.പി.ജയരാജനും; മുസ്ലീം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ തെറ്റില്ല; ആര്‍എസ്പി, ജെഡിയു എന്നിവര്‍ക്കും മുന്നണിയിലേക്ക് വരാം

കണ്ണൂര്‍; മുസ്ലീം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐഎം നേതാവും എംഎല്‍എയുമായ ഇ.പി. ജയരാജന്‍. ഫാസിസത്തിന് എതിരായ നിലപാടുകള്‍ക്കൊപ്പമാണ് ഇടതുമുന്നണിയെന്നും സമാന നിലപാടുകള്‍ ഉളള കക്ഷികള്‍ക്ക് മുന്നണിയില്‍ ചേരാമൈന്നും ജയരാജന്‍ വ്യക്തമാക്കി. ബിജെപിയുടെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധം ഉളളവര്‍ കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിക്കൊപ്പമാണ് ചേരേണ്ടെതെന്നും ആര്‍എസ്പി, ജെഡിയു എന്നീ കക്ഷികള്‍ക്കും ഇടതുമുന്നണിയിലേക്ക് വരാമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിനയത്തിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയില്‍ അണിനിരത്തുന്നതെന്നും, ഇനി ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് മുസ്ലീം ലീഗാണെന്നും ജയരാജന്‍ പറഞ്ഞു.

ഇടതുമുന്നണി മുസ്ലീം ലീഗ് അടക്കമുളള കക്ഷികളെ അണിനിരത്തി വിപുലമാക്കണമെന്നും, മുസ്ലീം ലീഗ് മതനിരപേക്ഷ പാര്‍ട്ടിയല്ലെന്നുമുളള രണ്ടഭിപ്രായങ്ങളാണ് നിലവില്‍ ഇടതുമുന്നണിയിലെ ശക്തരായ സിപിഐഎമ്മിന്റെയും, സിപിഐയുടെയും നേതാക്കള്‍ക്കിടയിലുളളത്. കഴിഞ്ഞ ദിവസം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എം.എ ബേബി എന്നിവരും മുസ്ലീം ലീഗിന്റെ കാര്യത്തില്‍ അഭിപ്രായങ്ങളുമായി മുന്നോട്ട് വന്നിരുന്നു. മുസ്ലീം ലീഗ് അതിതീവ്ര വര്‍ഗീയ പാര്‍ട്ടിയല്ലെന്നും സംഘപരിവാര്‍, ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരാണ് അതി തീവ്ര വര്‍ഗീയ പാര്‍ട്ടികളെന്നുമായിരുന്നു എം.എ ബേബി വ്യക്തമാക്കിയത്.

മുസ്ലീം ലീഗ് വര്‍ഗീയ കക്ഷിയാണോന്ന് നോക്കേണ്ട സമയം ഇതല്ലെന്നും തീവ്ര വര്‍ഗീയ കക്ഷികളായ ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ക്കെതിരെ ലീഗ് യോഗങ്ങള്‍ നടത്തുന്നുണ്ടെന്നും പിണറായി വിജയനും പറഞ്ഞിരുന്നു. ലീഗ് ഇത് തുടരുമോ എന്നത് നോക്കിക്കാണണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിണറായിയുടെയും, എം.എ ബേബിയുടെയും പ്രസ്താവനകള്‍ക്കുശേഷമാണ് ഇപ്പോള്‍ കണ്ണൂരില്‍ നിന്നും പാര്‍ട്ടിയുടെ പ്രമുഖനായ ഇ.പി. ജയരാജനും ലീഗിന്റെ കാര്യത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയത്.

അതേസമയം മുസ്ലീം ലീഗ് മതനിരപേക്ഷ പാര്‍ട്ടിയല്ലെന്നും, ലീഗിന്റെ നിലപാടുകള്‍ മതനിരപേക്ഷമാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫില്‍ പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്‌തെ തീരുമാനങ്ങള്‍ എടുക്കുവെന്നും അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിപിഐഎം നേതാക്കളുടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രസ്താവനകളോട് മുന്നണി മാറ്റം മുസ്ലീം ലീഗിന്റെ അജണ്ടയില്‍ ഇല്ലെന്നായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചതും.

courtesy – southlive.in

© 2024 Live Kerala News. All Rights Reserved.