ഖത്തറിലെ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ അമീര്‍ ഒപ്പിട്ടു; ഖത്തറില്‍ തൊഴിലാളികള്‍ക്ക് ഇനി നല്ല കാലം; വേതന സംരക്ഷണ സംവിധാനം അടുത്ത ആഴ്ച്ച മുതല്‍

ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങളില്‍ മാറ്റം വരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചതോടെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ക്ക് അടുത്ത വര്‍ഷത്തോടെ മാറ്റമുണ്ടാകും. ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഖഫല അല്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എന്ന വിവാദ സംവിധാനത്തിന് തൊഴിലാളി സൗഹൃദ മുഖം വരുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഖത്തറില്‍ തൊഴില്‍ മാറ്റത്തിനും നാട്ടിലേക്ക് മടങ്ങുന്നതിനും (എക്‌സിറ്റ്) വലിയ പ്രയാസമുണ്ടാകില്ല.

എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷകള്‍ നിരസിക്കപ്പെട്ട ആളുകള്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം പുതിയ സംവിധാനത്തിലുണ്ടാകും. തന്നെയുമല്ല, തൊഴില്‍ ഉടമയുമായി കരാര്‍ പൂര്‍ത്തിയാക്കുന്ന ഒരാള്‍ക്ക് മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നതിന് തൊഴില്‍ ഉടമയുടെ അനുവാദം ആവശ്യമില്ല. നേരത്തെ, തൊഴില്‍ ഉടമ ‘നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ’് നല്‍കിയില്ലായെങ്കില്‍ വിദേശിയായ ഒരു തൊഴിലാളിക്ക് ഖത്തറില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലായിരുന്നു. അതേസമയം, അമീര്‍ ഒപ്പിട്ടെങ്കിലും നിയമം പ്രാബല്യത്തില്‍ വരാന്‍ ഒരു വര്‍ഷത്തെ സമയം എടുക്കും. പുതിയ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം മാത്രമെ പ്രാബല്യത്തിലാകുകയുള്ളു.

ഖത്തറിലെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഒരു വര്‍ഷത്തിന് മുന്‍പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു, ഈ ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്. ക്രൂരന്മാരായ സ്‌പോണ്‍സര്‍മാരുടെ കൈകളില്‍ ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെയുള്ള വിദേശികള്‍ നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരവധി സംഘടനകള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബാങ്ക് ലോണുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, എക്‌സിറ്റ് പെര്‍മ്മിറ്റ് എന്നിവയ്ക്ക് പോലും സ്‌പോണ്‍സറുടെ അല്ലെങ്കില്‍ തൊഴില്‍ ഉടമയുടെ അനുമതി വേണമെന്നായിരുന്നു ഖത്തറിലെ നിയമം.

എക്‌സിറ്റ് പെര്‍മിറ്റ്

ഇപ്പോള്‍ നിലവിലുള്ള 2009ലെ നാലാം നമ്പര്‍ നിയമമാണ് പുതിയ നിയമം വരുന്നതോടെ ഭേദഗതി ചെയ്യപ്പെടുന്നത്. പുതിയ നിയമത്തിനുള്ള ബില്ലില്‍ ഖഫീല്‍ അല്ലെങ്കില്‍ സ്‌പോണ്‍സര്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല, പകരം ‘തൊഴിലാളിയെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ലൈസന്‍സുള്ള വ്യക്തി’ എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, എക്‌സിറ്റ് പ്രക്രിയയില്‍നിന്ന് തൊഴില്‍ ദാതാവിനെ പൂര്‍ണമായും ഒഴിവാക്കിയിട്ടുമില്ല. തൊഴില്‍ ദാതാവിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് പകരം തൊഴിലാളികള്‍ ഇനി ആഭ്യന്തര മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. നാട്ടിലേക്ക് പോകേണ്ടതിന്റെ മൂന്ന് തൊഴില്‍ദിനം മുന്‍പെങ്കിലും മന്ത്രാലയത്തെ അറിയിക്കണമെന്നാണ് പുതിയ ശുപാര്‍ശ. ആഭ്യന്തരമന്ത്രാലയമാണ് പിന്നീട് തൊഴില്‍ ഉടമയുമായി ബന്ധപ്പെടുന്നത്. തൊഴിലാളിക്ക് നാട്ടിലേക്ക് പോകാന്‍ തൊഴില്‍ ഉടമ സമ്മതം നല്‍കിയില്ലെങ്കില്‍, തൊഴിലാളിക്ക് അപേക്ഷ നല്‍കാം. ഇതിനുള്ള സൗകര്യം ഇത്രയും നാള്‍ ഉണ്ടായിട്ടില്ല. അടിയന്തര സാഹചര്യങ്ങളില്‍ പരാതിപരിഹാര സമിതി അപേക്ഷകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കും.

നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്

സ്‌പോണ്‍സര്‍ തുടര്‍ന്നും തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ തൊഴിലാളിക്ക് പിന്നെ രണ്ട് വര്‍ഷത്തേക്ക് ഖത്തറില്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എന്നതാണ് നിലവിലെ നിയമം. തന്നെയുമല്ല കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളിക്ക് തൊഴില്‍ മാറണമെങ്കില്‍ രാജ്യംവിട്ട് പുറത്തുപോയി വീണ്ടും മടങ്ങി എത്തണമായിരുന്നു. ഈ രണ്ട് നിയമങ്ങള്‍ക്കും ഇനി മാറ്റം വരും. തന്നെയുമല്ല, കരാര്‍ കാലാവധി തീരുന്നതിന് മുന്‍പ് തൊഴില്‍ മാറാനും ഇനി തൊഴിലാളികള്‍ക്ക് സാധിക്കും.

തൊഴിലാളിയും തൊഴില്‍ ഉടമയും തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന് തൊഴിലാളിയെ ഏതെങ്കിലും താല്‍ക്കാലിക ജോലിയിലേക്ക് മാറ്റാം. വീട്ടുജോലിക്കാര്‍ക്ക് ഈ നിയമം ബാധകമല്ല, തൊഴില്‍നിയമങ്ങള്‍ക്ക് കീഴില്‍ വരുന്ന ആളുകള്‍ക്ക് മാത്രമാണ് ഈ സംരക്ഷണമുള്ളത്. അതേസമയം തൊഴിലുടമ പീഡിപ്പിക്കുന്നുവെന്ന് തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ക്ക് ബോധ്യപ്പെട്ടാല്‍ വീട്ടുജോലിക്കാരെയും താല്‍ക്കാലിക സംവിധാനങ്ങളിലേക്ക് മാറ്റാനുള്ള അവകാശം പുതിയ നിയമം നല്‍കുന്നുണ്ട്.

വേതന സംരക്ഷണ സംവിധാനം

അമീര്‍ ഒപ്പിട്ട സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തില്‍ വരാന്‍ ഒരു വര്‍ഷമാകുമെങ്കിലും, അടുത്ത ആഴ്ച്ചയില്‍ ഖത്തറില്‍ തൊഴില്‍ വേതന സംരക്ഷണ സംവിധാനം അവതരിപ്പിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ അമീര്‍ ഒപ്പിട്ട നിയമമാണിത്. നവംബര്‍ രണ്ട് മുതല്‍ കമ്പനികള്‍ തൊഴിലാളികള്‍ക്കുള്ള പണം ബാങ്കുകള്‍ വഴി കൈമാറണം. ശമ്പളം ലഭിക്കാതിരിക്കുക, താമസിച്ച് ലഭിക്കുക, മുഴുവനും കൊടുക്കാതിരിക്കുക തുടങ്ങിയ പരാതികളുണ്ടായാല്‍ സര്‍ക്കാരിന് പരിശോധന നടത്തുന്നതിനാണിത്. ഖത്തറി കറന്‍സിയില്‍ ശമ്പളം ഓരോ മാസവും ബാങ്കില്‍ നല്‍കണം, ചില വിഭാഗം തൊഴിലാളികള്‍ക്ക് അത് രണ്ടാഴ്ച്ച കൂടുമ്പോള്‍ നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. നിയമലംഘനം നടത്തുന്ന തൊഴില്‍ ഉടമയ്ക്ക് ഒരു മാസം വരെ തടവുശിക്ഷയും ആറായിരം ഖത്തറി റിയാല്‍ പിഴയും ലഭിക്കും.

തൊഴില്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ആവശ്യമായ ബാങ്കിംഗ് സംവിധാനം ഒരുക്കുന്നതിനുള്ള ചുമതല ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ലേബര്‍ ക്യാംപുകളിലും മറ്റും മൊബൈല്‍ എടിഎമ്മുകള്‍ സ്ഥാപിച്ച് പണമിടപാടുകള്‍ കൂടുതല്‍ തൊഴിലാളി സൗഹൃദമാക്കാന്‍ ബാങ്കുകളും ശ്രമിക്കുന്നുണ്ട്.

courtesy : southlive.in

© 2024 Live Kerala News. All Rights Reserved.