രഞ്ജി മത്സരത്തിനിടെ കയ്യാങ്കളി – വിശദീകരണവുമായി മനോജ് തിവാരിയും ഗൗതം ഗംഭീറും; ഗംഭീര്‍ ഗാംഗുലിയെ വംശീയമായി അധിക്ഷേപിച്ചെന്ന് തിവാരിയുടെ ആരോപണം, അടിസ്ഥാനരഹിതമെന്ന് ഗംഭീര്‍

മുംബൈ: ഡല്‍ഹി ടീമിന്റെ നായകന്‍ ഗൗതം ഗംഭീറും ടീം അംഗങ്ങളും സൗരവ് ഗാംഗുലിയെക്കുറിച്ചും ബംഗാളികളെക്കുറിച്ചും മോശമായി സംസാരിച്ചെന്ന ആരോപണവുമായി ബംഗാള്‍ നായകന്‍ മനോജ് തിവാരി. കഴിഞ്ഞ ദിവസം രഞ്ജി ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കളത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി തിവാരി രംഗത്ത് എത്തിയിരിക്കുന്നത്. സ്ലെഡ്ജിംഗ് കൊള്ളാവുന്ന കാര്യമാണ് പക്ഷെ ഗാംഗുലിയെക്കുറിച്ചും ബംഗാളികളെക്കുറിച്ചും വംശീയ അധിക്ഷേപം നടത്തിയതാണ് തന്നെ ചൊടിപ്പിച്ചതെന്നാണ് തിവാരി പറയുന്നത്.

താന്‍ ഇക്കാര്യങ്ങള്‍ ഗാംഗുലിയുമായി സംസാരിച്ചെന്നും നടന്ന സംഭവങ്ങളില്‍ അദ്ദേഹവും അസ്വസ്ഥനാണെന്നും തിവാരി പറഞ്ഞു.

‘സംഭവത്തിന് ശേഷം ഞാന്‍ ഗാംഗുലിയുമായി എല്ലാ കാര്യങ്ങളും സംസാരിച്ചു. ഗാംഗുലിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കപ്പോട്ടു, അക്കാര്യത്തില്‍ അദ്ദേഹം അസ്വസ്ഥനാണ്. എനിക്കും ദു:ഖം തോന്നി. എന്താണ് പറഞ്ഞതെന്ന കാര്യം എനിക്ക് നിങ്ങളോട് പറയാന്‍ സാധിക്കിസ്സ, പക്ഷെ ഞങ്ങളെ രണ്ട് പേരെയും വേദനിപ്പിക്കുന്ന കാര്യമാണ് പറഞ്ഞത്’ – തിവാരി പറഞ്ഞു.

ഞായറാഴ്ച്ച മത്സരത്തിന് ശേഷം തിവാരി മാച്ച് റഫറി വാല്‍മിക് ബച്ചിനെ സന്ദര്‍ശിച്ചു. സംഭവം ഇപ്പോള്‍ ബിസിസിഐയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് സംസാരിക്കരുതെന്ന് മാച്ച് റഫറി തിവാരിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തിവാരി ഉയര്‍ത്തുന്നതെന്നും ഗാംഗുലിയെക്കുറിച്ച് താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇതെല്ലാം കെട്ടുകഥകളാണെന്നും ഗൗതം ഗംഭീര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

ഞാന്‍ സ്‌നേഹത്തോടെ ദാദാ എന്ന് വിളിക്കുന്ന ഇന്ത്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനും, ഞാന്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല ക്രിക്കറ്റര്‍മാരില്‍ ഒരാളുമായ ഗാംഗുലിയെക്കുറിച്ച് ഞാന്‍ മോശമായി പറഞ്ഞു എന്ന് ആരോപിച്ച് തിവാരി അധപതനത്തിന്റെ അടുത്ത തലത്തിലേക്ക് താഴ്ന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കെട്ടുകഥകള്‍ മെനഞ്ഞ് വിഷയത്തെ സെന്‍സേഷണലൈസ് ചെയ്യുന്ന തിവാരിയുടെ രീതിയാണിത്. ഞാന്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത് ഗാംഗുലിയുടെ കീഴിലാണ്. അദ്ദേഹം ഡ്രസ്സിംഗ് റൂമില്‍ എന്നോട് കാണിച്ച മാന്യത ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല’ – ഗംഭീര്‍ പറഞ്ഞു.

രഞ്ജി മല്‍സരത്തിനിടെ നായകന്‍മാരായ ഡല്‍ഹിയുടെ ഗൗതം ഗംഭീറും ബംഗാളിന്റെ മനോജ് തിവാരിയും തമ്മില്‍ നടന്ന വാക്‌പോരില്‍
ഫിറോസ് ഷാ കോട്‌ലാ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ചയായിരുന്നു കയ്യാങ്കളി നടന്നത്. മല്‍സരത്തിനിടെ പലപ്പോഴും ഇരുപക്ഷവും പരസ്പരം ചൊടിപ്പിക്കുന്ന പലകാര്യങ്ങളും ചെയ്തിരുന്നു. ഗംഭീറും തിവാരിയും പരസ്പരം ഹിന്ദിയില്‍ അസഭ്യവര്‍ഷം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. ‘വൈകിട്ട് പുറത്തു വാ, കാണിച്ചുതരാം’ എന്നു ഗംഭീര്‍ ഭീഷണിമുഴക്കി. ‘വൈകുന്നേരമാക്കേണ്ട ഇപ്പോള്‍ത്തന്നെ തീര്‍ത്തുകളയാം’ എന്നു തിവാരി തിരിച്ചടിക്കുകയും ചെയ്തു.

മുഷ്ടി ചുരുട്ടി മുന്നോട്ടാഞ്ഞ ഗംഭീറിനെ വെല്ലുവിളിച്ചു തിവാരിയും മുന്നോട്ടടുത്തു. പരസ്പരം മര്‍ദ്ദിക്കുമെന്ന അവസ്ഥയായപ്പോള്‍ അംപയര്‍ ശ്രീനാഥ് ഇരുവരെയും പിടിച്ചുമാറ്റാന്‍ ഇടയില്‍ കയറി. കോപാവേശത്തില്‍ അംപയറെ തള്ളിമാറ്റി ഗംഭീര്‍ പോര്‍വിളി തുടര്‍ന്നതു സ്റ്റേഡിയത്തെ ഞെട്ടിച്ചു.

 

courtesy – southlive.in

© 2024 Live Kerala News. All Rights Reserved.