ദളിത് കുടുംബത്തെ അവഹേളിച്ച് വി.കെ.സിംഗ്; രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണത്തിനു ഇരയായ ദളിത് കുടുംബത്തെ അവഹേളിച്ച് കേന്ദ്രമന്ത്രി വി.കെ.സിംഗ് നടത്തിയ പ്രസ്താവന വിവാദമായി. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരാണോ ഉത്തരവാദിയെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. രണ്ടു ദളിത് കുട്ടികള്‍ വെന്തുമരിച്ച സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു സിംഗിന്റെ വിവാദ പരാമര്‍ശം. സംഭവത്തിന്റെ ഉത്തരവാദിത്വം ഹരിയാന സര്‍ക്കാരിനാണെന്നും അവര്‍ നടപടിയെടുക്കുമെന്നുമാണ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

സിംഗിന്റെ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് രാജി ആവശ്യവുമായി രംഗത്തുവന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയാണ് വി.കെ.സിംഗിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.

ആക്രമണത്തിനു ഇരയായ കുടുംബത്തെ അവഹേളിക്കുകയാണ് വി.കെ.സിംഗ് ചെയ്തത്. ദളിത് സഹോദരങ്ങള്‍ക്കെതിരായ ഇത്തരം പ്രസ്താവനകള്‍ അപലപിക്കപ്പെടേണ്ടതാണ്. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സിംഗ് രാജിവയ്ക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.