ഓണ്‍ലൈന്‍ പെണ്‍വാണിഭം മുഖ്യകണ്ണി കുടുങ്ങി

 

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യകണ്ണി പിടിയില്‍. തിരുവനന്തപുരം കരമന സ്വദേശി മനുവാണ് പിടിയിലായത്. സ്ത്രീകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായി തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ പെണ്‍വാണിഭ സംഘങ്ങളുടെ രഹസ്യകേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ വാണിഭസംഘത്തിലെ എട്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന നാലു യുവതികളെയും ഒരു പതിനഞ്ചുകാരനെയും ഇരകളുടെ ആനുകൂല്യം നല്‍കി നിയമനടപടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാലു യുവതികളെ നിര്‍ഭയകേന്ദ്രത്തിലും പതിനഞ്ചുകാരനെ ചൈല്‍ഡ് വെല്‍ഫെയര്‍ കേന്ദ്രത്തിലും പാര്‍പ്പിച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തുന്നവര്‍ കുട്ടികളെയും ഇരയാക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സൈബര്‍ പോലീസ് ഉള്‍പ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടികളുടെ ഫോട്ടോ ഓണ്‍ലൈനിലൂടെ കാണിച്ച് ഇടപാട് ഉറപ്പിച്ച ശേഷം ഏജന്റുമാരാണ് പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് യുവതികളെ എത്തിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.