നിതി ആയോഗ്‌ വന്‍ ചതിയായി : ആകെ ആശയക്കുഴപ്പം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവതാളത്തില്‍

തിരുവനന്തപുരം : ആസൂത്രണകമ്മിഷനു പകരം രൂപീകൃതമായ നിതി ആയോഗിലെ ആശയക്കുഴപ്പം മൂലം കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ അവതാളത്തില്‍. ഏതൊക്കെ പദ്ധതികള്‍ തുടരുമെന്നോ ഏതിനൊക്കെ സഹായം ലഭിക്കുമെന്നോ അറിയാതെ വലയുകയാണു കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍. നിതി ആയോഗ്‌ നിലവില്‍വന്നശേഷം കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിമാരുടെ ഉപസമിതി രൂപീകരിച്ചെങ്കിലും യോഗം ചേര്‍ന്നിട്ടു നാലുമാസത്തിലേറെയായി.
വ്യക്‌തമായ രൂപരേഖയാകാത്തതിനാല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകാത്ത അവസ്‌ഥയിലാണു കേരളം. കേന്ദ്ര ഫണ്ട്‌ ലഭിച്ചില്ലെങ്കിലും പദ്ധതികള്‍ക്കു സംസ്‌ഥാനവിഹിതം നല്‍കാന്‍ ധനവകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. എന്നാല്‍ തുടര്‍പ്രവര്‍ത്തനം സംബന്ധിച്ച്‌ ആശങ്ക ശക്‌തം. മേക്ക്‌ ഇന്‍ ഇന്ത്യയുള്‍പ്പെടെ പല പദ്ധതികളും നിതി ആയോഗിലെ ആശയക്കുഴപ്പം മൂലം തകിടംമറിയുന്നു.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യപരിഷ്‌കാരമായ നിതി ആയോഗിന്‌ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. നിതി ആയോഗിനു കീഴില്‍ പ്രധാനമായും മൂന്നു സമിതികളാണു വിവിധ പദ്ധതികള്‍ പരിശോധിക്കാന്‍ രൂപീകരിച്ചത്‌. നൈപുണ്യവികസനം, സ്വച്‌ഛഭാരത്‌, കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ എന്നിവയ്‌ക്കായി മൂന്നു മുഖ്യമന്ത്രിതലസമിതികള്‍ രൂപീകരിച്ചു. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌സിങ്‌ ചൗഹാന്റെ നേതൃത്വത്തിലാണു കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ തീരുമാനിക്കുന്ന സമിതി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കൂടാതെ രാജസ്‌ഥാന്‍, അരുണാചല്‍പ്രദേശ്‌, ജമ്മു കശ്‌മീര്‍, ഝാര്‍ഖണ്ഡ്‌, മണിപ്പുര്‍, നാഗാലാന്‍ഡ്‌, തെലങ്കാന, ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിമാരും ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്‌റ്റനന്റ്‌ ഗവര്‍ണറും സമിതിയില്‍ അംഗങ്ങളാണ്‌.
നിലവിലുള്ള 72 കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ മുപ്പതായി ചുരുക്കാന്‍ സമിതി തീരുമാനിച്ചിരുന്നു. പദ്ധതികളെ കോര്‍ എന്നും സാമൂഹികസുരക്ഷയെന്നും രണ്ടായി തിരിച്ചു. കോര്‍ പദ്ധതികളില്‍ വരുന്നതു ദേശീയവികസനപദ്ധതികളാണ്‌. തൊഴിലുറപ്പ്‌, സ്വച്‌ഛഭാരത്‌, ഉച്ചഭക്ഷണപദ്ധതി തുടങ്ങിയവ ഇതിലുള്‍പ്പെടും. കോര്‍ പദ്ധതികളില്‍ പലതരം ഫണ്ടിങ്ങിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. തീരുമാനമെടുക്കാന്‍ കഴിഞ്ഞ ജൂലൈ 13-നു ചേരാനിരുന്ന യോഗം നടന്നില്ല.
കരടുരൂപരേഖയ്‌ക്കു കേരളം അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ദേശീയ കൃഷി വികാസ്‌ യോജനപോലുള്ള പദ്ധതികളില്‍ ചീഫ്‌ സെക്രട്ടറിമാരും നിതി ആയോഗ്‌ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയുണ്ടാക്കണമെന്നും സംസ്‌ഥാനങ്ങള്‍ തയാറാക്കി നല്‍കുന്ന പദ്ധതികള്‍ പരിശോധിച്ചു ധനസഹായം തീരുമാനിക്കണമെന്നുമുള്ള നിര്‍ദേശം ഇതില്‍പ്പെടും. എന്നാല്‍ ഉപസമിതിപോലും ചേരാന്‍ കഴിയാത്ത സാഹചര്യത്തില്‍ പദ്ധതികള്‍ ത്രിശങ്കുവിലാണ്‌.
കേരളത്തിന്‌ 20,000 കോടിയിലേറെ രൂപയുടെ വാര്‍ഷികപദ്ധതിയാണുള്ളത്‌. 7000 കോടിയോളം രൂപയുടെ കേന്ദ്രാവിഷ്‌കൃതപദ്ധതികളുമുണ്ട്‌. കേന്ദ്രാവിഷ്‌കൃതപദ്ധതികളോടു കേരളത്തിനു പൂര്‍ണതാല്‍പര്യമില്ലെങ്കിലും തൊഴിലുറപ്പ്‌, അംഗന്‍വാടികളുടെ നടത്തിപ്പ്‌, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങി നിരവധി പദ്ധതികള്‍ കേരളം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്‌. മുന്‍ ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോഴേ കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ ഇല്ലാതാകുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇവയ്‌ക്കുള്ള ഫണ്ടും സംസ്‌ഥാനവിഹിതത്തില്‍ ലയിപ്പിക്കുകയായിരുന്നു. അന്നുയര്‍ന്ന ആശങ്ക നിതി ആയോഗ്‌ വന്നതോടെ ശക്‌തമായി. പദ്ധതികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിമാരുടെ ഉപസമിതി രൂപീകരിച്ചതായിരുന്നു ഏകആശ്വാസം. കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നാണു പറഞ്ഞിരുന്നതെങ്കിലും അതു നടക്കാത്തതുകൊണ്ട്‌ ആശയക്കുഴപ്പത്തിലാണു കേരളം. കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ രൂപീകരിക്കാനുള്ള സമിതി മൂന്നുതവണ കൂടിയെങ്കിലും സ്വച്‌ഛഭാരത്‌, നൈപുണ്യവികസനസമിതികള്‍ ചേര്‍ന്നിട്ടില്ല. നൈപുണ്യവികസനസമിതി ചേര്‍ന്ന്‌ നയം രൂപീകരിക്കാത്തതിനാല്‍ മോഡിയുടെ സ്വപ്‌നപദ്ധതിയായ മേക്ക്‌ ഇന്‍ ഇന്ത്യതന്നെ അവതാളത്തിലായി

courtesy mangalam.com.

© 2024 Live Kerala News. All Rights Reserved.