സ്വത്ത് ബാധ്യതയാണെങ്കില്‍ ശ്രീവിദ്യയുടെ അടുത്ത ബന്ധുവിന് കൈമറണമെന്ന് ഗണേഷ്‌കുമാറിനോട് സാംസ്‌കാരിക വകുപ്പ്

 

കൊച്ചി: സിനിമാതാരം ശ്രീവിദ്യയുടെ സ്വത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വത്ത് സര്‍ക്കാരിനു കൈമാറാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി മോഹന്‍രാജിന്റെ സത്യവാങ്മൂലം. സ്വത്ത് കൈകാര്യം ചെയ്യാന്‍ വില്‍പത്രത്തിലൂടെ ഗണേഷ് കുമാറിനെയാണ് ശ്രീവിദ്യ ചുമതലപ്പെടുത്തിയത്.

1925 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം അനുസരിച്ച് വില്‍പത്ര പ്രകാരം ഗണേഷ്‌കുമാറിനു ലഭിച്ച സ്വത്തുക്കളുടെ അവകാശം സര്‍ക്കാരിനോ മൂന്നാമതൊരാള്‍ക്കോ കൈമാറാനാവില്ല. ചുമതല ഒഴിയണമെങ്കില്‍ സ്വത്ത് ശ്രീവിദ്യയുടെ ഏറ്റവും അടുത്ത ബന്ധുവിനു കൈമാറണം. സ്വത്ത് വിറ്റ് ബാധ്യതകള്‍ തീര്‍ക്കുന്നതിനും സൊസൈറ്റിക്കു നല്‍കുന്നതിനും തടസമില്ല. ശ്രീവിദ്യയുടെ സ്വകാര്യ സ്വത്തില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല. സ്വത്ത് സര്‍ക്കാരിനു കൈമാറാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും സത്യവാങ്മൂലം പറയുന്നു.

2006 ഓഗസ്റ്റ് 17നാണ് വില്‍പത്രം തിരുവനന്തപുരം ശാസ്തമംഗലം രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. സ്ഥാവര ജംഗമ വസ്തുക്കളുടെ നടത്തിപ്പ്, കടങ്ങള്‍ വീട്ടുക, വില്‍പത്രത്തില്‍ പറയുന്നവര്‍ക്ക് പണം നല്‍കുക, നൃത്തസംഗീതമേഖലയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങുക എന്നിവയ്ക്കായി ഗണേഷ് കുമാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഗണേഷ് കുമാര്‍ ചെയര്‍മാനായി എം.എല്‍.വി ശ്രീവിദ്യ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. സ്വത്തുക്കള്‍ സാംസ്‌കാരിക വകുപ്പിനു കൈമാറാന്‍ ഗണേഷ് കുമാര്‍ 2011 ആഗസ്റ്റില്‍ സര്‍ക്കാരിനു അപേക്ഷ സമര്‍പ്പിച്ചു. ബാദ്ധ്യതകള്‍ വിലയിരുത്താനും നടപടികള്‍ക്കും വാല്യൂവേറ്ററെ സര്‍ക്കാര്‍ നിയമിച്ചു. ശ്രീവിദ്യയ്ക്ക് നികുതി കുടിശികയുള്ളതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

© 2024 Live Kerala News. All Rights Reserved.