ശ്വാശതികാനന്ദയുടേത് മുങ്ങിമരണമെന്ന് ഡോ അനിലാകുമാരിയും ക്രൈംബ്രാഞ്ചും

swami-saswathikananda

ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമാണെന്ന് അദ്ദേഹത്തിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അനിലാകുമാരി. പോസ്റ്റമോര്‍ട്ടത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അനിലാകുമാരി വ്യക്തമാക്കി. ഇതു സംബന്ധിച്ച് അന്നത്തെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഇത്തരത്തിലാണ്. അടിയൊഴുക്കില്‍പ്പെട്ടു മുങ്ങിമരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ അന്നത്തെ ഡിഎസ്പി ആയിരുന്ന സൈമണ്‍ ആണ് റിപ്പോര്‍ട്ട് ഫോര്‍ട്ട് കൊച്ചി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 114 പേരുടെ മൊഴികള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മെഡിക്കല്‍ വിശകലന റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളാണ് ഇതിലുള്ളത്. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍ 34-ാം സാക്ഷിയായ കേസില്‍ 114ാം സാക്ഷിയായി ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിയാര്‍ പുഴയില്‍ കുളിക്കുന്നതിനായി എത്തിയ സ്വാമി പുഴയില്‍ കെട്ടിയിരിക്കുന്ന നടയിലെത്തിയശേഷം ജുബ്ബാ, മുണ്ട്, മോതിരം എന്നിവ സഹായിയായ സാബുവിനെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഉത്തരീയം ധരിച്ച് പുഴയില്‍ ഇറങ്ങി രണ്ടു തവണ മുങ്ങിയ ശേഷം തിരിച്ചുകയറി സാബുവിന്റെ കൈയ്യില്‍ നിന്ന് സോപ്പു വാങ്ങി ശരീരത്തില്‍ തേച്ചു.  വീണ്ടും പുഴയില്‍ ഇറങ്ങിയപ്പോള്‍ യാദൃശ്ചികമായി എങ്ങനെയോ അടിയൊഴുക്കില്‍പ്പെട്ട് വെള്ളത്തില്‍ മുങ്ങിതാഴ്ന്ന് വെള്ളംകുടിച്ച് ശ്വാസം മുട്ടി മരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണ കാരണത്തില്‍ സംശയങ്ങളൊന്നുമില്ല. വെള്ളത്തില്‍ ശ്വാസം മുട്ടിയാണ് മരണമെന്ന് നിസംശയം മനസിലാക്കാമെന്നും പതിനഞ്ചു പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 

© 2024 Live Kerala News. All Rights Reserved.