ജാര്‍ഖണ്ഡിലെ മാവോവാദി നേതാവ് കൊച്ചിയില്‍ പിടിയില്‍

കൊച്ചി: ജാര്‍ഖണ്ഡിലെ മാവോവാദി നേതാവിനെ കൊച്ചിയില്‍ പിടികൂടി. ഏരിയ കമാന്‍ഡന്റ് ജിതേന്ദ്രയേയാണ് ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്.

2012 മുതല്‍ അങ്കമാലിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ജിതേന്ദ്ര. ജാര്‍ഖണ്ഡില്‍ വധശ്രമക്കേസിലും രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലും പ്രതിയാണ് ഇയാള്‍. യു.എ.പി.എ ആക്ട് പ്രകാരം ജാര്‍ഖണ്ഡ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇയാള്‍ നാട് വിട്ട് കൊച്ചിയിലെത്തി തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ജിതേന്ദ്രയെ പിടികൂടിയത്. രാത്രി ഐ.ബി  ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു. കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഐ.ബി ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

© 2024 Live Kerala News. All Rights Reserved.