എസ്എന്‍ഡിപി-ആര്‍എസ്എസ് ബന്ധത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയെന്ന് പിണറായി

കോഴിക്കോട്: ഭരണതുടര്‍ച്ച ഉന്നമിട്ട് എസ്എന്‍ഡിപി ആര്‍എസ്എസ് ബാന്ധവത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒത്താശചെയ്തുകൊടുക്കുകയാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍ ആരോപിച്ചു‍. എസ്എന്‍ഡി-ആര്‍എസ്എസ് കൂട്ടുകെട്ടില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന രൂക്ഷവിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം പിണറായി ആവര്‍ത്തിച്ചത്. കെപിസിസി അധ്യക്ഷനെ അധിക്ഷേപിച്ച വെള്ളാപ്പള്ളിക്കെതിരെ യുഡിഎഫ് അവതരിപ്പിക്കാനിരുന്ന പ്രമേയം തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പുതിയ സഖ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയതാവട്ടെ ഘടകക്ഷിയായ ജെഎസ്എസിലെ രാജന്‍ ബാബുവും. വര്‍ഗീയത വളര്‍ത്താന്‍ വെള്ളാപ്പള്ളിക്കും ആര്‍എസ്എസിനും ഉമ്മന്‍ചാണ്ടി വളം വച്ചുകൊടുക്കുകയാണെന്നും അതുവഴി ഭരണതുടര്‍ച്ചയാണ് ഉന്നമിടുന്നതെന്നും പിണറായി പറഞ്ഞു.

ഈ നീക്കത്തിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ടെന്ന് പിണറായി പറഞ്ഞു. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്. എന്നാല്‍, വിനാശകാലേ വിപരീതബുദ്ധി എന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കും. സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ എസ്എന്‍ഡിപി നോമിനികള്‍ രാജിവയ്ക്കണമെന്നും പിണറായി പറഞ്ഞു.

ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാവരേയും പോലെ വിഎസും ഉണ്ടാകുമെന്ന് പിണറായി പറഞ്ഞു. വിഎസിനെ മുന്‍ നിര്‍ത്തി തന്നെയാണോ ഇക്കുറിയും ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ഫസല്‍വധക്കേസ് പ്രതികളായ കാരായിമാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും പിണറായി വിജയന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

© 2024 Live Kerala News. All Rights Reserved.