ജി.മാധവന്‍ നായര്‍ എസ്.എന്‍.ഡി.പി യാത്രയുടെ രക്ഷാധികാരി… സ്വാഗതം ചെയ്ത് മാധവന്‍ നായര്‍

ആലപ്പുഴ: എസ്.എന്‍.ഡി.പി നവംബര്‍ രണ്ടാം വാരം നടത്തുന്ന കേരളയാത്രയ്ക്ക് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ രക്ഷാധികാരിയാകും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ജാഥാ ചെയര്‍മാനാകും. തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും വര്‍ക്കിംഗ് ചെയര്‍മാന്‍

സമത്വമുന്നേറ്റ യാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്ര ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകും. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച് വിവിധ സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം സ്വരൂപിക്കാന്‍ ഇന്നലെ ചേര്‍ത്തലയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഫിലിപ്പ് എം.പ്രസാദ്, അഡ്വ. എം.ജയശങ്കര്‍, എന്‍.എം.പിയേഴ്‌സണ്‍, പ്രൊഫ.ജയപ്രസാദ്, പി.രാജന്‍, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട്, കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, വി.എസ്.ഡി.പി. നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, ഫാ. തോമസ് കൈതപറമ്പില്‍, കേരള വിശ്വകര്‍മസഭാ നേതാവ് ടി.കെ.സോമശേഖരന്‍, ധീവര സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി പൂയപ്പള്ളി രാഘവന്‍, വീരശൈവ മഹാസഭാ പ്രസിഡന്റ് കെ.വി.ശിവന്‍, മുന്നാക്ക സമുദായ സംരക്ഷണ മുന്നണി ജനറല്‍ സെക്രട്ടറി സി.എസ്.നായര്‍, പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പുതിയ പാര്‍ട്ടിയുടെ ഘടന രൂപപ്പെടുത്തുന്നതിന് ഓരോ മേഖലയില്‍നിന്നുള്ള വിദഗ്ധരെ ഉള്‍പെടുത്തി കമ്മിറ്റികള്‍ രൂപവത്കരിക്കും.

ജനോപകാരപ്രദമായ നിലപാടുകള്‍ പാര്‍ട്ടിക്കുണ്ടാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് സാധ്യമാകുന്ന തരത്തിലായിരിക്കും കമ്മിറ്റിയും രൂപവും.

സംസ്ഥാനത്തെ മറ്റു സാമുദായിക സംഘടനകളുമായി ചര്‍ച്ച  നടത്തുന്നതിന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട്, കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയെയും ചുമതലപ്പെടുത്തി.

നവംബറില്‍ നടക്കുന്ന യാത്രയില്‍ വെള്ളാപ്പള്ളിക്കൊപ്പം മറ്റു സാമുദായിക സംഘടനാ നേതാക്കളും മുന്‍നിരയില്‍ അണിനിരക്കും. കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന യാത്ര ഓരോ ജില്ലയില്‍ എത്തുമ്പോഴും ശക്തി തെളിയിക്കുന്ന തരത്തില്‍ ജില്ലാതല സംഗമങ്ങള്‍ നടത്തുന്നതിനും  സമാപനം തിരുവനന്തപുരത്ത്  ചരിത്ര സംഭവമാക്കുന്നതിനുമാണ് തീരുമാനം.

സന്തോഷമുണ്ടെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍.

എസ്.എന്‍.ഡി.പിയുടെ സമത്വ മുന്നേറ്റയാത്രയുടെ രക്ഷാധികാരി ആകുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. വികസന അജണ്ടയുള്ള ബി.ജെ.പിയുമായി യോജിക്കുന്നതില്‍ സന്തോഷമുണ്ട്. അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

വികസനത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു സംവിധാനം വരണം.കേരളം ഇപ്പോള്‍ വികസനത്തില്‍ പുറകിലാണ്. ഇപ്പോഴുള്ള ഭരണ സംവിധാനത്തില്‍ അതിന് പ്രതിവിധി ഇല്ല. അതിന് എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംവിധാനം വേണം. ബി.ജെ.പിയോട് യോജിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഹിന്ദു എന്ന് പറഞ്ഞാല്‍ എല്ലാ സമൂഹവും ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു

© 2024 Live Kerala News. All Rights Reserved.