#Pravasi_News: ഷാർജയിൽ വീണ്ടും അഗ്നിബാധ; മലയാളി കടകൾ കത്തിനശിച്ചു

ഷാർജ : അൽ മജാസ് ഭാഗത്തെ ബഹുനില താമസകേന്ദ്രത്തിലുണ്ടായ വൻ അഗ്നിബാധയുടെ നടുക്കം മാറുംമുൻപേ റോളയിൽ മലയാളികളുടെ കടകളിൽ വ്യാപകനാശം വിതച്ച് തീപിടിത്തം. അൽ ഗുവൈർ മാർക്കറ്റിനോട് ചേർന്നുള്ള കെട്ടിടത്തിലെ കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്‌ടം കണക്കാക്കുന്നു. ആളപായമില്ല. ഇന്നലെ രാവിലെ ഒൻപതരയോടെയുണ്ടായ അഗ്നിബാധയിൽ കാസർകോട് സ്വദേശി റഷീദിന്റെ മൊബൈൽ ഫോൺ കട, കണ്ണൂർ സ്വദേശി ഉബൈദിന്റെ സ്‌റ്റേഷനി സ്‌ഥാപനം എന്നിവയാണു കത്തിനശിച്ചത്. മൊബൈൽ കട തീർത്തും ചാമ്പലായി. നൂറിലേറെ വിലകൂടിയ മൊബൈൽ ഫോണുകൾ ഇവിടെയുണ്ടായിരുന്നു. കൂടാതെ, നന്നാക്കാനായി വാങ്ങിവച്ച മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മൊബൈൽ റീചാർജ് കൂപ്പൺ മെഷീൻ (മൊബൈൽ ക്രെഡിറ്റ് റീ ചാർജ് പോയിന്റ് ഓഫ് സെയിൽസ് മെഷീൻ) തുടങ്ങിയവയും കത്തിയമർന്നു. സമീപത്തെ ലേഡീസ് ബ്യൂട്ടി സലൂണിനു ഭാഗികമായി നാശം നേരിട്ടു.

സ്‌റ്റേഷനറി കട പൂർണമായും കത്തിനശിക്കും മുൻപേ സിവിൽ ഡിഫൻസിനു തീ നിയന്ത്രിക്കാനായി. കടയുടെ മുൻഭാഗത്തുകൂടി പടർന്നുപിടിച്ച തീയിൽ നെയിം ബോർഡ്, സ്‌റ്റേഷനറി സാധനങ്ങൾ, ഫോട്ടോകോപ്പി മെഷീൻ എന്നിവയ്‌ക്ക് നാശനഷ്‌ടം സംഭവിച്ചു. അടുത്തിടെയാണ് ഈ കട വൻ തുക മുടക്കി പുതുക്കിയത്. ഇവിടത്തെ ജീവനക്കാരിയായ ഫിലിപ്പീൻസ് സ്വദേശിനി ലാവ് ലിൻ ആണു തീപടരുന്നത് ആദ്യം കണ്ടത്. അവർ ഉടൻ ഉടമയെ വിവരം അറിയിച്ചു. ആ സമയത്ത് മൊബൈൽഫോൺ കട തുറന്നിരുന്നില്ല. അതിവേഗം തീ പടരുകയായിരുന്നുവെന്ന് ലാവ് ലിൻ ‘മനോരമ’യോട് പറഞ്ഞു. ഗുവൈർ മാർക്കറ്റിലും സമീപത്തുമുള്ള നൂറുകണക്കിനു കടകളിൽ കച്ചവടം നടത്തുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ്. വസ്‌ത്രങ്ങളും ഇലക്‌ട്രോണിക് സാധനങ്ങളുമടക്കം ഇവിടെ വിൽക്കുന്നു. അടുത്തടുത്തു സ്‌ഥിതിചെയ്യുന്ന കടകളിൽ തീ വ്യാപിക്കാതിരിക്കാൻ സിവിൽ ഡിഫൻസും പൊലീസും ഏറെ പണിപ്പെട്ടു.

sharja-fire

ഒരു മണിക്കൂർ കൊണ്ടാണു തീ നിയന്ത്രണവിധേയമാക്കിയത്. ഫൊറൻസിക് വിഭാഗം സംഭവ സ്‌ഥലത്തുനിന്നു തെളിവുകൾ ശേഖരിച്ചു. മൊബൈൽ കടയിൽ വൈദ്യുതി ഷോർട് സർക്യൂട്ട് ആണ് അപകടകാരണമായതെന്നു പറയുന്നു. കനത്തപുക പ്രദേശമാകെ മൂടിക്കെട്ടി. തീപടർന്നയുടൻ തൊട്ടടുത്തുള്ള പാർക്കിങ് മേഖലയിലെ വാഹനങ്ങൾ മാറ്റി. അൽ മജാസ് ഭാഗത്തെ ബഹുനില താമസകേന്ദ്രമായ നാസർ ടവറിൽ കഴിഞ്ഞ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ നൂറോളം ഫ്ലാറ്റുകളാണ് കത്തിനശിച്ചത്. നാശനഷ്‌ടം നേരിട്ട 150 കുടുംബങ്ങൾക്ക്‌ താമസസൗകര്യവും മറ്റു സഹായവും ലഭ്യമാക്കാൻ യുഎഇയുടെ പടിഞ്ഞാറൻ മേഖലയിലെ ഭരണപ്രതിനിധിയും എമിറേറ്റ്‌സ്‌ റെഡ്‌ ക്രെസന്റ്‌ പ്രസിഡന്റുമായ ഷെയ്‌ഖ്‌ ഹംദാൻ ബിൻ സായിദ്‌ അൽ നഹ്യാൻ ഉത്തരവിട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകും വരെ ഇവർക്കു താമസസൗകര്യം നൽകും. റെഡ്‌ ക്രെസന്റ്‌ പ്രവർത്തകർ ഇതിനായി പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

അഗ്നിബാധ തുടർക്കഥ; ലക്ഷങ്ങൾ നഷ്‌ടം ഗുവൈർ മാർക്കറ്റിലെ കടകളിൽ അഗ്‌നിബാധയുണ്ടാകുന്നത് നാലു വർഷത്തിനിടെ ഇതു രണ്ടാം തവണ. 2011 നവംബർ 30ന് ഉണ്ടായ അഗ്‌നിബാധയിൽ മലയാളികളുടെ ഉൾപ്പെടെ പത്തിലേറെ കടകളാണ് ചാരമായത്. ലക്ഷക്കണക്കിനു ദിർഹത്തിന്റെ നഷ്‌ടമുണ്ടായി. അന്നു കത്തിനശിച്ചതിലേറെയും വസ്‌ത്രങ്ങൾ വിൽക്കുന്ന കടകളായിരുന്നു. തീപിടിത്തം വെളുപ്പിനായിരുന്നതിനാൽ ആളപായമുണ്ടായില്ല. ഈ കടകൾ പിന്നീട് പുതുക്കിപ്പണിയുകയായിരുന്നു. വൈദ്യുതി ഷോർട് സർക്യൂട്ടായിരുന്നു അന്നും വില്ലൻ. ചൂടുകാലത്ത് ഷാർജയിൽ അഗ്‌നിബാധ തുടർക്കഥയാണ്. പടം പകർത്തിയ മൊബൈലുകൾ പൊലീസ് പിടിച്ചെടുത്തു അഗ്‌നിബാധയുടെ ചിത്രങ്ങളെടുത്തവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. നൂറിലേറെ ഫോണുകളാണ് പിടിച്ചെടുത്തത്. ചിത്രങ്ങൾ പകർത്തുമ്പോൾ കയ്യോടെ പിടികൂടുകയായിരുന്നു. ഫോണുകൾ നഷ്‌ടപ്പെട്ടവരിലേറെയും മലയാളികളാണ്.

അപകടങ്ങളുടെ ഫോട്ടോ എടുക്കുകയും പിന്നീട് സമൂഹ മാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്യുന്നതും അധികൃതർ കർശനമായി വിലക്കിയിരിക്കുകയാണ്. യുഎഇ ഫെഡറൽ നിയമം അനുസരിച്ച് അപകടങ്ങൾ ചിത്രീകരിക്കുന്നതും അവ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാണ്. ഇരകളുടെ അനുമതി പ്രകാരമാണെങ്കിലും ഇതു നിയമലംഘനമാണ്. ദൃശ്യങ്ങൾ പ്രസിദ്ധപ്പെടുത്തും മുൻപ്‌ ഔദ്യോഗിക കേന്ദ്രങ്ങളുടെ അനുമതിയുണ്ടോ എന്നുറപ്പാക്കണമെന്നും നിയമം നിഷ്‌കർഷിക്കുന്നു. ക്യാപ്‌ഷൻ 1. അൽ ഗുവൈർ മാർക്കറ്റിനടുത്തുള്ള കെട്ടിടത്തിലെ കടകളിലുണ്ടായ അഗ്‌നിബാധയുടെ ദൃശ്യം. 2 തീ അണച്ചശേഷമുള്ള ദൃശ്യം.

© 2024 Live Kerala News. All Rights Reserved.