#Tech_News: ‘അവർ ഭൂമി കീഴടക്കും, നശിപ്പിക്കും…’

അന്യഗ്രജീവികൾ ഭൂമിയിലേക്കു വന്നാൽ അവയ്ക്കു മുന്നിൽ കീഴടങ്ങുകയല്ലാതെ മനുഷ്യനു മുന്നിൽ വേറൊരു വഴിയുമുണ്ടാകില്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞൻ പ്രഫ. സ്റ്റീഫൻ ഹോക്കിങ്. അത്തരത്തിൽ അന്യഗ്രഹജീവികളുണ്ടെങ്കിൽ അവ എല്ലാക്കാര്യത്തിലും മനുഷ്യരേക്കാളും മുന്നിലായിരിക്കും. കൊളംബസ് അമേരിക്ക കണ്ടെത്തിയ പോലെയായിരിക്കും അവയുടെ ഭൂമിയിലേക്കുള്ള വരവ്. കൊളംബസിന്റെ വരവിനെത്തുടർന്ന് സ്വന്തം ഭൂമി തന്നെ നഷ്ടപ്പെട്ട് അടിമകളാക്കപ്പെട്ട അമേരിക്കയിലെ പ്രാദേശിക ജനതയുടെ ജീവിതത്തിനു സമാനമായിരിക്കും ഇതെന്നും ഹോക്കിങ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഒരുപക്ഷേ എന്നന്നേക്കുമായി ഭൂമിയുടെ നാശമായിരിക്കും അന്യഗ്രഹജീവികളുടെ വരവ് നമുക്ക് സമ്മാനിക്കുക. ഏതെല്ലാം ഗ്രഹങ്ങളിൽ അവയെത്തുന്നുവോ അതെല്ലാം തങ്ങളുടെ കോളനിയാക്കുമെന്നത് ഉറപ്പാണ്. അതിനു സഹായിക്കുന്ന ആധുനിക സാങ്കേതികസൗകര്യങ്ങളും അവയ്ക്കൊപ്പമുണ്ടാകും. മുകളിൽ നിന്ന് അവ നമ്മളെ നിരീക്ഷിച്ചതിനു ശേഷം മാത്രമേ ഭൂമിയിലേക്കു വരികയുള്ളൂ. അങ്ങനെ ദശാബ്ദങ്ങളായുള്ള നിരീക്ഷണങ്ങളിലൂടെ അവയ്ക്ക് കണ്ടെത്താനാകുന്ന ഒരു കാര്യമുണ്ട്. ആയുധങ്ങളാൽ ശക്തരായവർ അവരെക്കാളും ദുർബലരായവരെ അടിച്ചമർത്തുന്ന കാഴ്ചകളാണ് ഭൂമിയിലാകെ. ഒപ്പം മികച്ച സാമ്പത്തിക പിന്തുണയുള്ളവർ ദുർബല ജനവിഭാഗങ്ങളെയും മറ്റ് രാജ്യങ്ങളെയും കീഴടക്കുന്ന കാഴ്ചയും. മനുഷ്യൻ തലമുറകളായി അത് തുടർന്നു വരുന്നു. അന്യഗ്രഹജീവികൾ ഏതെങ്കിലും ഗ്രഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങളെല്ലാം കണ്ട് വിലയിരുത്താൻ തക്ക ബുദ്ധിയുള്ളവയായിരിക്കും.

മനുഷ്യവംശത്തിന്റെ മുഴുവൻ പ്രവൃത്തികളും അവ ട്രാക്ക് ചെയ്ത് ഡേറ്റയാക്കിയിട്ടു പോലുമുണ്ടാകാം. അതുകൊണ്ടുതന്നെ അവയ്ക്ക് ആക്രമിക്കാനും എളുപ്പമായിരിക്കും. മനുഷ്യവംശത്തെ തകർക്കാനുള്ള ആയുധങ്ങൾ അവർ ഒരുക്കിയിട്ടുണ്ടാകുമെന്നു ചുരുക്കം. മനുഷ്യന് ബാക്ടീരിയകളുടെ വലിപ്പത്തോടു തോന്നുന്ന അതേ പുച്ഛം തന്നെയായിരിക്കും അന്യഗ്രഹജീവികൾക്ക് മനുഷ്യനോട് ഉണ്ടാവുകയെന്നും ഹോക്കിങ്ങിന്റെ വാക്കുകൾ.

ഭൂമിയിലെ മനുഷ്യരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി, അന്യഗ്രഹജീവികൾ രൂപത്തിലും ഭാവത്തിലും എങ്ങനെയായിരിക്കുമെന്ന് കണ്ടെത്തുകയെന്നതാണ്. അന്യഗ്രഹജീവികളല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഭൂമിയുടെ സർവനാശത്തിനുതകുന്ന പല സംഭവങ്ങളും വരുംനാളുകളിലുണ്ടാകാം. ഈ സാഹചര്യത്തിൽ മറ്റു ഗ്രഹങ്ങളിൽ ‘കോളനികൾ’ സ്ഥാപിക്കുന്നതിനെപ്പറ്റി മനുഷ്യൻ കാര്യമായിത്തന്നെ ആലോചിക്കണം. ബഹിരാകാശാ യാത്രകളുടെ സാധ്യതകളെപ്പറ്റി പൊതുജനങ്ങൾക്കിടയിൽപ്പോലും ബോധവൽകരണം നടത്തണമെന്നും ഹോക്കിങ് നിർദേശിക്കുന്നു.

aliens

റഷ്യൻ കോടിപതിയായ യുറി മിൽനെറിന്റെ നേതൃത്വത്തിൽ അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ഗവേഷണ പദ്ധതിക്ക് നേരത്തെ ഹോക്കിങ് മുഴുവൻ പിന്തുണയും അറിയിച്ചിരുന്നു. 10 വർഷം ദൈർഘ്യമുള്ള പദ്ധതി ഇക്കഴിഞ്ഞ ജൂലൈയിലാണ് തുടങ്ങിയത്. ക്ഷീരപഥമൊന്നാകെയും നൂറോളം ഗാലക്സികളെയും നിരീക്ഷിക്കാനാണ് 6.4 കോടി പൗണ്ടിന്റെ ഈ പദ്ധതി. ബാഹ്യാകാശത്ത് അന്യഗ്രഹജീവികൾ പുറപ്പെടുവിക്കുന്ന സിഗ്നലുകളുടെ സാന്നിധ്യം തിരിച്ചറിയാനും ഗവേഷകർ ശ്രമം തുടങ്ങിക്കഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.