ന്യൂഡല്‍ഹി: 26/11 ഭീകരാക്രമണത്തിന് ശേഷം പാകിസ്താനില്‍ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മകെയിനിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘമാണ് ഇക്കാര്യം അറിയിച്ചതെന്നും കസൂരി പറഞ്ഞു.

പാകിസ്താനില്‍ ലാഹോറിന് സമീപമുള്ള ജമ്അത് ഉത്തുവ, ലഷ്‌കര്‍ ഇ തയ്ബ കേന്ദ്രങ്ങള്‍ ആക്രമിക്കാനായിരുന്നു ഇന്ത്യന്‍ പദ്ധതി. അമേരിക്കന്‍ സംഘത്തില്‍ മകെയിനിന് പുറമെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ലിന്‍ഡ്‌സെ ഹ്രഹാം, റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക എന്നിവരുമുണ്ടായിരുന്നു. ‘നയ്തര്‍ എ ഹവാക് നോര്‍ എ ഡോവ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ സമയത്ത് താന്‍ മന്ത്രിയല്ലായിരുന്നു. എങ്കിലും മകെയിനും സംഘവും ഇന്ത്യ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയാല്‍ എന്തായിരിക്കും പ്രതികരണമെന്ന് ആരാഞ്ഞു. ഇന്ത്യയില്‍ നിന്നാണ് അമേരിക്കന്‍ സംഘം പാകിസ്താനിലെത്തിയത്.

26/11 ഭീകരാക്രമണത്തില്‍ ഇന്ത്യ വളരെയേറെ കുപിതരാണെന്നും ജമ്അത് ഉത്തുവ കേന്ദ്രമായ മുരിഡിക്കില്‍ ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നും മകെയിന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ പാക് സൈന്യം വെറുതെയിരിക്കില്ലെന്നും തക്ക മറുപടി നല്‍കുമെന്നും താന്‍ പറഞ്ഞതായും കസൂരി വെളിപ്പെടുത്തി.