#Health_Tips: നാടന്‍ മഞ്ഞളിന്റെ നാം അറിയാത്ത ഗുണങ്ങള്‍

വിനില്‍ കുമാര്‍

സുഗന്ധ വ്യജ്ഞനങ്ങളുടെ നാടാണ് നമ്മുടെ സ്വന്തം കേരളം, എന്നാല്‍ ഇതിനെക്കുറിച്ച് മലയാളികള്‍ക്ക് വലിയ ധാരണയില്ല എന്നതാണ് നഗ്നമായ സത്യം. സുഗന്ധവ്യജ്ഞനങ്ങളില്‍ പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. ലോകത്ത് ഉത്പാദിപ്പിക്കുന്നതില്‍ വെച്ച് ഏറ്റവും ഗുണമേന്മയേറിയതാണ് നമ്മുടെ മഞ്ഞള്‍ എന്ന വസ്തുത കൂടുതല്‍ ആര്‍ക്കും അറിയില്ല. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന മഞ്ഞളില്‍ ‘കുര്‍ക്യുമിന്‍’ എന്ന ഘടകം കൂടുതലായി അടങ്ങിയിട്ടുണ്ട്. ഈ കുര്‍ക്യുമിന്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ക്ഷയരോഗം നിയന്ത്രിക്കാനും മികച്ചതാണെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. അതിനാലാണ്, വിദേശരാജ്യങ്ങളില്‍ നമ്മുടെ മഞ്ഞളിന് ആവശ്യക്കാര്‍ കൂടി വരുന്നത്. എന്നാല്‍ വെറും 90 രൂപ കിലോ ഗ്രാമിന് വില വരുന്ന സേലം, ആന്ധ്ര മഞ്ഞളാണ് മലയാളികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും. ചുരുക്കം പറഞ്ഞാല്‍ നല്ലത് വിദേശികള്‍ക്ക് കൊടുത്ത്, ഗുണമില്ലാത്തത് നമ്മള്‍ കഴിക്കുന്നു. പണ്ട് കേരളത്തിലെ മിക്ക വീടുകളില്‍ മഞ്ഞള്‍ കൃഷി പതിവായിരുന്നു. മലയാളികള്‍ വൈറ്റ് കോളര്‍ ജോലി തേടിപ്പോയതോടെ ഇത്തരം നല്ല ശീലങ്ങള്‍ മണ്‍മറഞ്ഞ് പോയി. വില അല്‍പം കൂടിയാലും, നമ്മുടെ നാടന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും മികച്ചത്. ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ മാത്രം 2500 ടണ്‍ കേരളാ മഞ്ഞളാണ് കയറ്റിയയച്ചത്. മഞ്ഞളിന്റെ ഗുണം പാശ്ചത്ത്യര്‍ മനസ്സിലാക്കിയതോടെ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 65 ശതമാനം വര്‍ദ്ധനവാണ് കേരള മഞ്ഞള്‍ കയറ്റുമതിയില്‍ ഉണ്ടായത്.

© 2024 Live Kerala News. All Rights Reserved.