ദാദ്രിയിലെ സംഘർഷത്തിനു കാരണം രാഷ്ട്രീയക്കാരെന്ന് പ്രതിയുടെ പിതാവ്

ന്യൂഡൽഹി: ഗ്രാമത്തിലേക്കുള്ള രാഷ്ട്രീയ നേതാക്കളുടെ വരവാണ് വിഷയം ഇത്ര ഗുരുതരമാക്കിയതെന്ന് പ്രതിയുടെ പിതാവ്. രാഷ്ട്രീയ നേതാക്കൾ ഗ്രാമത്തിലേക്കു വരുന്നതും അവരുടെ വാക്കുകളുമാണ് ദാദ്രിയിൽ സംഘർത്തിനു കാരണമാകുന്നത്. ഇവിടേക്കുള്ള മന്ത്രിമാരുടെ വരവ് നിർത്തണം. അങ്ങനെയാണെങ്കിൽ ഇവിടുത്തെ സംഘർഷാവസ്ഥയ്ക്ക് ഇളവുവരുമെന്ന് പ്രതിയുടെ പിതാവ് രാജേഷ് റാണ പറഞ്ഞു.

കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റി. ഇഖ്‌ലാഖ് എനിക്കൊരു സഹോദരനെപ്പോലെയാണ്. എന്റെ മകനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും റാണ പറഞ്ഞു.

അതേസമയം, പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ദാദ്രിയിൽ ജനക്കൂട്ടം മർദിച്ചുകൊന്ന മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉറപ്പുനൽകി. കുടുംബത്തിനുള്ള ധനസഹായം 45 ലക്ഷം രൂപയായി ഉയർത്തിയെന്നും ഇഖ്‍ലാഖിന്റെ വീട് സന്ദർശിച്ച അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഒരുസംഘമാളുകൾ ഇഖ്‌ലാഖിനെ വീട്ടിൽനിന്നു വലിച്ചിറക്കി മർദിച്ചുകൊന്നത്. മകൻ ഡാനിഷിനും പരുക്കേറ്റു. സംഭവത്തിൽ മജിസ്ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.