#Breaking_News: മൂന്നാര്‍ സമരം: മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കും

തിരുവനന്തപുരം: തോട്ടം തൊഴിലാളി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പാക്കേജ് അംഗീകരിക്കുമെന്ന് ‘പൊമ്പളൈ ഒരുമൈ’ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇവരുടെ പ്രതികരണം.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ട്. മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസവുമുണ്ട്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് എല്ലാ പ്രശ്‌നവും തീരും. അവര്‍ വ്യക്തമാക്കി.

ആറംഗ സംഘമാണ് ക്ലിഫ്ഹൗസിലെത്തി  ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തങ്ങളുടെ ആവശ്യങ്ങള്‍ ബോധിപ്പിക്കുന്നതിനായാണ് ഇവര്‍ മുഖ്യമന്ത്രിയെ കണ്ടത്.

ഗോമതി അഗസ്റ്റിന്‍, ലിസി സണ്ണി, ജയലക്ഷ്മി, രാജേശ്വരി സമരത്തിന്റെ ആദ്യനാള്‍ മുതല്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന മനോജ്, അന്തോണിരാജ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി. തൊഴില്‍ മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്.

അതേസമയം തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി നല്‍കാനാകില്ലെന്ന നിലപാടില്‍ തോട്ടം ഉടമകള്‍ ഉറച്ചുനില്‍ക്കുകയാണ്.

തോട്ടം ഉടമകള്‍ യോഗം ചേര്‍ന്നാണ് നിലപാട് വീണ്ടും വ്യക്തമാക്കിയത്. ഇന്ന് നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഉടമകള്‍ ഒത്തുചേര്‍ന്നത്.
നേരത്തെയും 500 രൂപ ദിവസക്കൂലി നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു തോട്ടം ഉടമകളുടെ നിലപാട്. ഇതേ തുടര്‍ന്ന് മുന്‍പ് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ വീണ്ടും സമരം തുടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.