എ. സുരേഷ് സി.പി.എമ്മിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് സി.പി.എമ്മിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഉടനെ പാര്‍ട്ടി സംസ്ഥാന സമിതിക്ക് കത്ത് നല്‍കുമെന്നും സുരേഷ് പറഞ്ഞു. പാര്‍ട്ടി പുന:പ്രവേശം സംബന്ധിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അനൗദ്യോഗികമായി ചര്‍ച്ച നടത്തിയെന്നും സുരേഷ് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം ഫുജൈറയില്‍ ജോലി ചെയ്തുവരികയായിരുന്നു സുരേഷ്.

പാര്‍ട്ടിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് 2013 മെയ് 14നാണ് സുരേഷ്, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പ്രതിപക്ഷ നേതാവിന്റെ ചിറകരിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പോളിറ്റ്ബ്യൂറോയുടെ ഈ നടപടി.

പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ 2002ലാണ് സുരേഷ് വി.എസിന്റെ പി.എ.യാകുന്നത്. നേരത്തെ എസ്.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നശേഷമാണ് സുരേഷ് പാര്‍ട്ടി പുന:പ്രവേശത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.