കൊച്ചുവേളി മംഗലാപുരം പ്രത്യേക തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഇന്ന്

തിരുവനന്തപുരം : മംഗലാപുരം തിരുവനന്തപുരം റൂട്ടിലെ തിരക്കുകുറയ്ക്കുന്നതിന്റെ ഭാഗമായി കൊച്ചുവേളി – മംഗലാപുരം പ്രത്യേക ട്രെയിന്‍ ഇന്ന് പരീക്ഷണ ഓട്ടം തുടങ്ങും. കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രെയിന് എല്ലാ പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.

ഒക്ടോബര് ഒന്ന് രാത്രി  9.15 ന് യാത്ര തിരിച്ച് ഒക്ടോബര് രണ്ടിന്  രാവിലെ 11.30 ന് മംഗലാപുരത്ത് എത്തുന്ന ട്രെയിന്‍ (നമ്പര്‍ 06094) ഒക്ടോബര് നാലിന്  രാത്രി 7.15 ന് പുറപ്പെട്ട് (നമ്പര്‍ 06095) ഒക്ടോബര് അഞ്ചിന്  രാവിലെ 6.45 ന് കൊച്ചുവേളിയില്‍ മടങ്ങിയെത്തും.

പ്രത്യേക ട്രെയിനായുള്ള റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നും റിസര്‍വേഷന്‍ നടത്താന്‍ സൗകര്യമുണ്ടെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസ് അറിയിച്ചു. പരീക്ഷണം വിജയിച്ചാല്‍ തുടര്‍ന്നും തിരക്കുള്ള ദിവസങ്ങളില്‍ പ്രത്യേക ട്രെയിന്‍ ഓടിക്കും. എല്ലാ സീറ്റുകളിലും യാത്രക്കാരെ ലഭിച്ചാല്‍ വരും ആഴ്ചകളിലും തിരക്കുള്ള ഒരു ദിവസം സര്‍വീസ് നടത്താന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്.

എട്ട് സ്ലീപ്പര്‍ കോച്ചുകളും നാലുവീതം സെക്കന്‍ഡ് തേര്‍ഡ് എ.സി കോച്ചുകളുമാണ് പ്രത്യേക ട്രെയിനിലുള്ളത്. ജനറല്‍ കോച്ചില്ല.

മറ്റ് ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് അത് റദ്ദാക്കി പ്രത്യേക ട്രെയിനിലേക്ക് ടിക്കറ്റ് എടുക്കാം. റദ്ദാക്കാതെ തന്നെ ബുക്കിങ് മാറ്റാനുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.