ഐ.എസിനെതിരായ വ്യോമാക്രമണങ്ങളില്‍ പങ്കെടുക്കാന്‍ റഷ്യയും തയ്യാറെടുക്കുന്നു

ന്യൂയോര്‍ക്ക് : ഇസ് ലാമിക് സ്‌റ്റേറ്റിനെതിരായ വ്യോമാക്രമണങ്ങളില്‍ യു.എസിനും സഖ്യകക്ഷികള്‍ക്കും ഒപ്പം പങ്കുചേരുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രമേ ഐ.എസിനെതിരായവ്യോമാക്രമണങ്ങളില്‍ റഷ്യ പങ്കെടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ പുടിന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇരു ലോകശക്തികളുടെയും നേതാക്കള്‍ ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും സിറിയന്‍ യുദ്ധം എങ്ങിനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ലോകനേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യമുണ്ടായില്ലെന്നതും ശ്രദ്ധേയമായി.

ഐ.എസിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ ആല്‍ അസാദുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാത്തത് വലിയ തെറ്റാകുമെന്നാണ് പുടിന്‍ പറഞ്ഞത്. അസാദ് പദവിയൊഴിയണമെന്ന് യു.എസും ഫ്രാന്‍സും തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ടവര്‍ സിറിയന്‍ പൗരന്മാര്‍ അല്ലാത്തതിനാല്‍ മറ്റൊരു രാജ്യത്തെ നേതാക്കളുടെ കാര്യത്തില്‍ ഇടപെടുന്നത് ഉചിതമല്ലെന്നാണ് പുടിന്‍ പ്രതികരിച്ചത്. സിറിയയില്‍ റഷ്യന്‍ കരസൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന ആരോപണവും പുടിന്‍ നിഷേധിച്ചു.

© 2024 Live Kerala News. All Rights Reserved.