#Special_Story: വിതച്ചത് കൊയ്യുന്ന യൂറോപ്പും, ഗള്‍ഫ് രാജ്യങ്ങളുടെ നിസ്സംഗതിയില്‍ തുറന്നു കാണിക്കപ്പെട്ട മതസാഹോദര്യത്തിന്റെ അര്‍ത്ഥതലങ്ങളും..

binoy edited

ബിനോയ് അശോകന്‍ ചാലക്കുടി

ലോകചരിത്രത്തില്‍ തന്നെ ഏറ്റവും ദയനീയവും ഭീമാകരവുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന അഭയാര്‍ത്ഥി പ്രാവാഹം നടന്നുകൊണ്ടിരിക്കുകയാണ്, ആഭ്യന്തര യുദ്ധത്തിലും തീവ്രവാദി ആക്രമണങ്ങളിലും നശിച്ചു കൊണ്ടിരിക്കുന്ന മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മനുഷ്യാവകാശവും സമാധാനവും സമ്പന്നതയും കളിയാടുന്ന യൂറോപ്പിലേക്ക്.
ജനിച്ച നാടും ജീവിത കാലം മുഴുവനുമുള്ള സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ പോലും പണയം വച്ച് പാലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് നേരെ തങ്ങളുടെ വാതിലുകള്‍ തുറന്നിട്ട്, ഇരു കൈകളും നീട്ടി അവരെ സ്വീകരിക്കുന്ന യൂറോപ്പ് മാനവസാഹോദര്യത്തിന്റെ ഏറ്റവും വലിയ പ്രകാശഗോപുരമായി തലയുയര്‍ത്തി നില്ക്കുന്നതാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ ലോകം കണ്ടത്.
ഈ ദുര്‍ഘടസന്ധിയില്‍ ഒരു പക്ഷെ പ്രതീകാത്മകമായിട്ടെങ്കിലും, അതിനേക്കാള്‍ വലിയ രജതരേഖയായി മാറുന്നത് രാജ്യങ്ങളും സമൂഹങ്ങളും തമ്മില്‍ മതബോധതിന്റെ പേരില്‍ ഉണ്ടെന്നു പറയപ്പെടുന്ന സാഹോദര്യവും, സ്പര്ധയും എത്ര നിരര്‍ത്ഥകമാണെന്ന് വെളിപ്പെട്ടതായിരിക്കണം! ഇസ്ലാമിക ലോകത്തിന്റെ നേതൃത്വം അനൌദ്യോഗികമായിട്ടെങ്കിലും വഹിക്കുന്ന സൌദി അറേബ്യയും അതുപോലെതന്നെ മറ്റു സമ്പന്ന ജിസിസി രാജ്യങ്ങളും തങ്ങളുടെ അയല്‍പക്കക്കാരും സര്‍വോപരി മുസ്ലിങ്ങളും ആയ ഒരു ജനതയുടെ ഈ ദുര്യോഗത്തില്‍ മുഖംതിരിച്ചു നിന്നപ്പോള്‍ ലോകം തിരിച്ചറിഞ്ഞത് മതത്തിന്റെ പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട സാഹോദര്യവാദം എത്രമാത്രം പൊള്ളയാണെന്നതാണ്.
മതപരമായി ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായി അറിയപ്പെടുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളാണ് ഇവിടെ സഹായഹസ്തവുമായി മുന്നോട്ടു വന്നത് എന്നത് ഈ തിരിച്ചറിവിന് അടിവരയിടുന്നു.
അഭയാര്‍ത്ഥികള്‍ക്ക് താല്‍കാലിക സംരക്ഷണം ഒരുക്കുന്ന ലെബനോണ് പോലുള്ള അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയും അതുപോലെ ഇതുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റു രാജ്യങ്ങളും ചെയ്യുന്ന പോലുള്ള സാമ്പത്തിക സഹായങ്ങള്‍ അല്ല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലോകം ആവശ്യപ്പെടുന്നത്.
ഗള്‍ഫ് രാജ്യങ്ങളുടെ ഇസ്ലാമികസാഹോദര്യ നാട്യങ്ങള്‍ യൂറോപ്പിന്റെ മാനവിക ബോധത്തിന് മുന്‍പില്‍ മുഖമടിച്ചു വീഴുന്നതാണ് കണ്ടതെങ്കിലും യൂറോപ്പ് ഈ വിഷയത്തില്‍ ഐകകണ്‌ഠേനയുള്ള ഒരു നിലപാടല്ല എടുത്തിരുക്കുന്നത്, അല്ലെങ്കില്‍ എടുത്ത നിലപാട് തന്നെ ഒട്ടും ഉറപ്പില്ലാത്തതാണ് എന്നാണ് അവിടെ നിന്നുള്ള പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
തുടക്കത്തില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഏറ്റവും ഉത്സാഹം കാണിച്ച ജര്‍മനി പോലും ഈ പ്രവാഹത്തെ തടുത്തു നിര്‍ത്താന്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുകയാണെന്നാണ് അവിടുന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ടുകള്‍. ഇക്കാര്യത്തില്‍ ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഹംഗറി പോലുള്ള രാജ്യങ്ങളെകൂടി ഈ ഭാരം പങ്കുവക്കാന്‍ നിര്‍ബന്ധിതമാക്കാന്‍ ഉദ്ദേശിച്ചുള്ള നിര്‍ബന്ധിത ക്വോട്ട എന്ന നിര്‌ദ്ദേശത്തിനു വലിയ എതിര്‍പ്പുകളാണ് അവിടെ ഉയര്‍ന്നു വരുന്നത്. ഹംഗറിക്ക് പുറമേ ചെക്ക് റിപബ്ലിക്, സ്ലോവേനിയ, ഡെന്മാര്‍ക്ക് എന്നിവ ഈ ഗണത്തിലെ പ്രമുഖരാണ്. ദിനംപ്രതി ആ പട്ടിക നീണ്ടു വരികയുമാണ്.
യൂറോപ്പിലേക്കുള്ള സാഹസിക യാത്രയില്‍ ജീവന്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാരില്‍ ഒരുവനായ ഐലന്‍ കുര്‍ദി എന്ന മൂന്നു വയസുകാരന്‍ തുര്‍ക്കി ബാലന്റെ മൃതദേഹം ഒരു ഗ്രീക്ക് കടല്‍തീരത്ത് കമഴ്ന്നു കിടക്കുന്നത്തിന്റെ ഉള്ളുലക്കുന്ന ഒരു ചിത്രത്തിലൂടെ ലോക ശ്രദ്ധയില്‍ വന്ന ഈ അഭയാര്‍ഥി പ്രവാഹത്തിന്റെ പ്രധാന ഉറവിടങ്ങള്‍ സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, ലിബിയ, എറിട്രിയ, യെമെന്‍ എന്നിങ്ങനെയുള്ള അഭ്യന്തരയുദ്ധത്തിലും ഐ.എസ്, അല്‍ഖ്വൈദ പോലുള്ളവരുടെ തീവ്രവാദി ആക്രമണങ്ങളിലും തകര്‍ന്നു കൊണ്ടിരിക്കുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആണ്.
മൂന്നു ലക്ഷം അഭയാര്‍ത്ഥികള്‍ 2015 പിറന്നതിനു ശേഷം മാത്രം യൂറോപ്പില്‍ എത്തിയിട്ടുണ്ട് എന്നാണ് കണക്കുകള്‍, അതില്‍ 70 ശതമാനം സിറിയയില്‍ നിന്നാണെന്നും, ആ സിറിയയില്‍ മാത്രം 40 ലക്ഷത്തിനുമേല്‍ പൌരന്മാര്‍ പലായനം ചെയ്ത് ലെബനോണ്, ജോര്‍ദാന്‍ പോലുള്ള അയല്‍ രാജ്യങ്ങളില്‍ തമ്പടിച്ചിട്ടുണ്ട് എന്നും പറയുമ്പോള്‍ മനസിലാകും ഇപ്പൊള്‍ കണ്ടുകൊണ്ടിരിക്കുന്നത് വെറും ഒരു തുടക്കം മാത്രമാണെന്ന്.
ഇത്ര വലിയ ജനപ്രവാഹത്തെ കൈകാര്യം ചെയ്യുമ്പോഴുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ മാത്രം അല്ല യൂറോപ്പിന്റെ ഉറക്കം കെടുത്തുന്നത്. അഭയാര്‍ത്ഥികളുടെ കൂടെ കടന്നു കൂടാന്‍ സാധ്യതയുള്ള ഐ.എസ് തീവ്രവാദികള്‍ ഉയര്‍ത്താവുന്ന സുരക്ഷാ പ്രശ്‌നങ്ങളും ഒരു പ്രധാന ഘടകം തന്നെ ആണ്. 4000 ഐ.എസ് തീവ്രവാദികള്‍ ഇതിനോടകം ഇത്തരത്തില്‍ യുറോപ്പില്‍ പ്രവേശിച്ചു കഴിഞ്ഞു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിനെല്ലാം പുറമെയാണ് അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും ഇസ്ലാം മതസ്ഥരാണെന്ന സാമൂഹികവശവും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന എതിര്‍പ്പുകളും. അഭയാര്‍ത്ഥികള്‍ക്കായി തങ്ങളുടെ പള്ളികളും, ആശ്രമങ്ങളും, വീടുകളും തുറന്നു കൊടുക്കേണ്ടത് യൂറോപ്പിലെ ഓരോ കത്തോലിക്കാ വിശ്വാസികളുടെയും ഉത്തരവാദിത്വമാണെന്ന് പോപ്പ് പറഞ്ഞതിന് പുറകെ വന്ന ‘ഇവര്‍ അഭയാര്‍ത്ഥികള്‍ അല്ല മറിച്ച് മുസ്ലിം കടന്നു കയറ്റക്കാരാണെന്നുള്ള’ ഹംഗറിയിലെ ബിഷപ്പിന്റെ പ്രസ്താവന ആ എതിര്‍പ്പുകളുടെ വ്യക്തമായ പ്രകടനമായിരുന്നു. മറ്റൊരു ഹംഗേറിയന്‍ പത്രപ്രവര്‍ത്തക അഭയാര്‍ത്ഥികളെ ചവിട്ടി വീഴ്ത്തുന്ന വിവാദ ദൃശ്യങ്ങളും കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നതിന്റെ മറ്റൊരു സൂചനയായിരുന്നു.
തങ്ങള്‍ വിഭാവനം ചെയ്യുന്ന പുതിയ ഇസ്ലാമിക് ഖിലാഫത്തില്‍ യൂറോപ്പിനെയും കൂട്ടിച്ചേര്‍ക്കും എന്ന ഐ.എസ്സിന്റെ പ്രഖ്യാപനവും അവരുടെ ശക്തി കേന്ദ്രങ്ങളായ സിറിയയും ഇറാക്കും ആണ് ഈ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മുഖ്യ ശ്രോതസ് എന്നതും തമ്മില്‍ ബന്ധമുണ്ടോ എന്ന് സംശയിക്കുന്ന ഒരു വിഭാഗം യൂറോപ്പില്‍ ഉണ്ടെന്നതിന്റെ സൂചനകളായി വേണം ഇതിനെയെല്ലാം കാണാന്‍. ഈ വിഷയത്തില്‍ മതം എന്ന ഘടകം അത്ര അപ്രധാനമല്ല എന്ന് യൂറോപ്പിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രവര്‍ത്തിയായിരുന്നു ഒറ്റ അഭയാര്‍ത്ഥിയെപ്പോലും ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്ന സൗദി അറേബ്യ പക്ഷെ അവര്‍ക്ക് വേണ്ടി ജര്‍മനിയില്‍ 200 മസ്ജിദുകള്‍ നിര്‍മിക്കാന്‍ വാഗ്ദാനം നല്കിയത്!
ഇങ്ങനെ മനസില്ലാ മനസ്സോടെ ഇത്ര ഭീഷണമായ അളവില്‍ കുടിയേറ്റക്കാരെ ഏറ്റെടുക്കേണ്ടി വരുന്ന പാശ്ചാത്യ ശക്തികളുടെ ഈ അവസ്ഥ സത്യത്തില്‍ കാലം അവരോട് ചെയ്യുന്ന ഒരു കണക്കു തീര്‍ക്കലാണ് എന്ന് മനസിലാവുന്നത് ഈ പ്രതിസന്ധിയുടെ മൂലകാരണം ചികഞ്ഞു ചെല്ലുമ്പോഴാണ്. മധ്യപൂര്‍വേഷ്യയിലെ എണ്ണ സമ്പത്തില്‍ കണ്ണ് വച്ച് അവര്‍ ചെയ്ത് കൂട്ടിയ കൊള്ളരുതായ്മകള്‍ ഇന്നവരെ പുതിയ പുതിയ രൂപങ്ങളില്‍ തിരിഞ്ഞുകൊത്തുകയാണ്.
അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേന, കൂട്ട നശീകരണ ആയുധങ്ങള്‍ അഥവാ ‘വെപ്പണ്‌സ് ഓഫ് മാസ്സ് ഡിസ്ട്രക്ഷന്‍’ (WMD) എന്ന് അറിയപ്പെടുന്ന വമ്പന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ സദ്ധാമിന്റെ കൈവശം ഉണ്ടെന്ന കള്ളം പ്രചരിപ്പിച്ച് 1998ലും 2003ലുമായി ഇറാക്ക് എന്ന മഹാരാജ്യത്തെ ആക്രമിച്ചു അക്ഷരാര്‍ത്ഥത്തില്‍ നശിപ്പിച്ചപ്പോള്‍ അവര്‍ ഓര്‍ക്കാതെ പോയ ഒരു കാര്യം സദ്ദാം എന്ന എകാതിപതി മാത്രമല്ല അവിടെ നശിപ്പിക്കപ്പെട്ടത്. മറ്റേതു രാജ്യത്തെയും ജനങ്ങളുടെ പോലെ സമാധാനത്തിലും, സമ്പല്‍സമൃദ്ധിയിലും, ആത്മാഭിമാനത്തിലും ജീവച്ച വലിയൊരു ജനത ആയിരുന്നു തങ്ങളുടെ അത്യാര്‍ത്തിമൂലം അരക്ഷിതാവസ്ഥയിലെക്കും നിത്യദുരിതത്തിലേക്കും തള്ളിവിടപ്പെട്ടത്. അമേരിക്കയിലെയും ബ്രിട്ടണിലെയും ജനങ്ങളുടെ പോലെതന്നെ ഇറാക്കിലെ ജനങ്ങളുടെയും അവകാശമായിരുന്നു ശാന്തിയും സമാധാനവും ഉള്ള ഒരു ജീവിതവും അവര്‍ അദ്വാനിച്ചു നേടിയ സുഖസൌകര്യങ്ങളും. അതാണ് സഖ്യ സേന ഇല്ലാതാക്കിയത്. സ്വന്തം മണ്ണില്‍ വൈദേശിക ശക്തികളുടെ മിസ്സൈല്‍ ആക്രമണത്തിലും ബോംബുവര്‍ഷങ്ങളിലും കൊല്ലപ്പെട്ട കോടിക്കണക്കിനു നിരപരാധികളായ മനുഷ്യരുടെയും അവരുടെ ഉറ്റവരുടെയും ശാപം ആയിരിക്കുമോ പാശ്ചാത്യരാജ്യങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല.
സിറിയ, ലിബിയ പോലുള്ള രാജ്യങ്ങളിലെയും സാഹചര്യങ്ങളും സമാനമാണ്. ഇറാക്കിനെ താറുമാറാക്കിയത് സദ്ധാമിന്റെ പേരിലായിരുന്നെങ്കില്‍ ബാഷര്‍ അല്‍ ആസ്സദ്, കേണല്‍ ഗദ്ദാഫി എന്നീ എകാതിപതികളുടെ പേരിലാണ് സിറിയയിലെയും, ലിബിയയിലെയും ആഭ്യന്തര കാര്യങ്ങളില്‍ പാശ്ചാത്യശക്തികള്‍ ഇടപെട്ടു ആ രാജ്യങ്ങളിലെ ജീവിതം നരകതുല്ല്യമാക്കുന്നതില്‍ തങ്ങളുടെ പങ്കു വഹിച്ചത്.
അല്‍ക്വൈദയും ഐ.എസ്സും പോലുള്ള തീവ്രവാദി സംഘടനകള്‍ ആണ് ഇത്തരം രാജ്യങ്ങളിലെ അരാജകത്വവും ജനങ്ങളിലെ അസംതൃപ്തിയും അവരുടെ പ്രതികാരബോധവും മുതലെടുത്ത് വളരുന്നത്. അത് പക്ഷെ കാര്യങ്ങളെ കൂടുതല്‍ വഷളാക്കാന്‍ മാത്രമാണ് ഉപകരിക്കുന്നത്. അങ്ങനെ കാര്യങ്ങള്‍ കൈവിട്ടു പോയ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇപ്പോള്‍ ഈ സ്വയംകൃതാനര്‍ത്ഥങ്ങളുടെ ഉപോല്‍പ്പന്നമായ അഭയാര്‍ത്ഥി സുനാമിക്ക് മുന്‍പില്‍ തരിച്ചു നില്‍ക്കുകയാണ്.
ലോക സംരക്ഷകരുടെ മേലങ്കി സ്വയം എടുത്തണിഞ്ഞതിനാലോ എന്തു കാരണം കൊണ്ട് തന്നെ ആയാലും സമകാലിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു മാനവിക ദുരന്തം നടക്കുമ്പോള്‍ സഹായഹസ്തം നീട്ടാന്‍ പക്ഷെ അവര്‍ തയ്യാറായപ്പോള്‍ തൊട്ടയല്പക്കത്തുണ്ടായിട്ടും ഒരു ചെറുവിരലനക്കാന്‍ തയ്യാറാവാതിരുന്ന സമ്പന്ന ജിസിസി രാഷ്ട്രങ്ങള്‍ക്ക് കാലം എന്താണാവോ കരുതി വച്ചിരിക്കുന്നത്!

 

© 2024 Live Kerala News. All Rights Reserved.