#ISL_Second: ഐ.എസ്.എൽ രണ്ടാം സീസണിന് അടുത്ത ശനിയാഴ്ച കിക്കോഫ്

ചെന്നൈ: ഫുട്ബാളിലെ ഇന്ത്യൻ വിപ്ളവം, ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ രണ്ടാം സീസണിന്റെ കിക്കോഫിനായി ഇനി ഒരാഴ്ചത്തെ കാത്തിരിപ്പത് മാത്രം. അടുത്ത ശനിയാഴ്ച രാത്രി ഏഴുമണിക്ക് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആതിഥേയരായ ചെന്നൈയിൻ എഫ്.സിയും നിലവിലെ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും തമ്മിലാണ് പുതിയ സീസണിലെ ആദ്യപോരാട്ടം. തുടർന്നുള്ള രണ്ടര മാസക്കാലം ആഘോഷരാവുകൾ സമ്മാനിച്ച് എട്ട് ഫ്രാഞ്ചൈസികൾ അണിനിരത്തുന്ന സൂപ്പർ ടീമുകൾ കാണികളെ ആവേശത്തിൽ ആറാടിക്കും. ഡിസംബർ 20നാണ് ഫൈനൽ.

വൻ വിജയമായ ആദ്യസീസണിനുശേഷം രണ്ടാം സീസണിനൊരുങ്ങുന്ന ഐ.എസ്.എല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. ലോകത്തേറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഫുട്ബാൾ ലീഗുകളിലൊന്നായി മാറാൻ പ്രാരംഭ സീസണിൽ തന്നെ ഐ.എസ്.എല്ലിന് കഴിഞ്ഞിരുന്നു.

തുല്യശക്തികൾ
എല്ലാവരും തുല്യശക്തികൾ എന്നവകാശപ്പെ‌ടാവുന്ന രീതിയിലാണ് ഐ.എസ്.എല്ലിലെ ടീമുകൾ കളിക്കളത്തിലിറങ്ങാൻ കാത്തിരിക്കുന്നത്. കഴിഞ്ഞവർഷത്തേതിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ടീമുകൾ പുതിയ സീസണിനായി കോപ്പ് കൂട്ടുന്നത്. കഴിഞ്ഞ സീസണിൽ മികച്ചമുന്നേറ്റം നടത്തിയ കൊൽക്കത്ത, ചെന്നൈ, ഗോവ ടീമുകൾ കൂടുതൽ കരുത്തരെ ടീമിൽ എത്തിച്ചു ടീം ശക്തമാക്കി. കറുത്ത കുതിരകളായിരുന്ന കേരള ബ്ളാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് എഫ്.സിയും ഇത്തവണയും താരനിർണയത്തിലുൾപ്പെടെ ബുദ്ധിപരമായ നീക്കം നടത്തി പടയ്ക്കൊരങ്ങി നിൽക്കുന്നു. കഴിഞ്ഞതവണ പിന്നാക്കം പോയ മുംബയ്, ഡൽഹി, പൂനെ ടീമുകൾ ഇത്തവണ വമ്പൻമാരെ സ്വന്തം പാളയത്തിലെത്തിച്ച് കണക്ക് തീർക്കാനായി കാത്തിരിക്കുകയാണ്. ബ്ളാസ്റ്റേഴ്സ്, ഗോവ, ഡൽഹി ടീമുകൾ പ്രതിരോധത്തിൽ ഊന്നി മുന്നേറാൻ ശ്രമിക്കുമ്പോൾ കൊൽക്കത്തയും പൂനെയും മധ്യനിര ഒന്നുകൂടി ശക്തമാക്കി. നോർത്ത് ഈസ്റ്റും ചെന്നൈയിനും മുംബെയും ഇത്തവണ ആക്രമണ ഫുട്ബാളാണ് ലക്ഷ്യം വയ്ക്കുന്നത്.

നാട്ടിലും വിദേശത്തുമായി ലോകോത്തര നിലവാരമുള്ള പരിശീലനം നേടിയ ശേഷമാണ് ടീമുകൾ എല്ലാം രണ്ടാം സീസണിന് ബൂട്ട് കെട്ടുന്നത്. സീക്കോ, പീറ്റർടെയ്ലർ, പ്ളാറ്റ് തുടങ്ങിയ വൻ പരിശീലകരും റോബർട്ടോ കാർലോസ്, അനെൽക്ക, മറ്റെരാസി, മർച്ചേന തുടങ്ങിയ വമ്പൻ താരമെല്ലാം ചേർന്ന് ഐ.എസ്.എല്ലിനെ ഇത്തവണയും സൂപ്പർ ഹിറ്റാക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ലോകം.

© 2024 Live Kerala News. All Rights Reserved.