ചെന്നൈയില്‍ തടവുകാര്‍ ജയില്‍ അധികൃതരെ ആക്രമിച്ചു.. നാല് പേര്‍ക്ക് പരുക്ക്‌

ചെന്നൈ: ചെന്നൈയിലെ പുഴൽ സെൽട്രൽ ജയിലിൽ തടവുകാരുടെ ആക്രമണത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥർക്ക് പരുക്ക്. മൂന്ന് അൽ ഉമ്മ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ട് ഉദ്യോഗസ്ഥരെ ഇവർ ബന്ദികളാക്കുകയും ചെയ്തു. ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് തടവുകാർ ജയിലധികൃതരെ ആക്രമിച്ചതെന്നാണ് സൂചന.

അൽ ഉമ്മ പ്രവർത്തകരായ ഫക്രുദീൻ, പന്നാ ഇസ്‌മായിൽ, ബിലാൽ മാലിക് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവർക്ക് കുടിക്കാൻ പാനീയങ്ങൾ കൊണ്ടുവരുന്നതിൽ നിന്ന് സന്ദർശകരെ ജയിലധികൃതർ വിലക്കിയിരുന്നു. ഇത് തർക്കത്തിന് കാരണമാവുകയും തുടർന്ന് ഉദ്യോഗസ്ഥരെ തടവുകാർ ആക്രമിക്കുകയുമായിരുന്നു. ജയിൽ വാർഡർമാരായ മുത്തുമണി, രവി മോഹൻ, സെൽവിൻ ദേവദാസ് എന്നിവർക്ക് സാരമായി സാരമായി പരുക്കേറ്റു. തുടർന്ന് അസിസ്റ്റന്റ് ജയിലർ കുമാറിനെയും വാർഡർ മാരിയെയും ബന്ദികളാക്കുകയും ചെയ്‌തു.

അനുരഞ്ജന സംഭാഷണത്തിനായി സ്ഥലം എം.എൽ.എയും ഒരു അഭിഭാഷകനും വരണമെന്നാണ് അക്രമികൾ ആവശ്യപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കാൻ തടവുകാർ തയ്യാറായത്. ഇവരുടെ കൂടെ മറ്റ് 15 തടവുകാരും ഉണ്ടായിരുന്നെന്ന് ജയിൽ സന്ദർശിച്ച അഡീഷണൽ ജയിൽ ഡി.ജി.പി ജെ.കെ.ത്രിപാഠി പറഞ്ഞു. മധുര, വെല്ലൂർ, സേലം എന്നിവിടങ്ങളിലായി ഹിന്ദു മുന്നണി ഉൾപ്പടെയുള്ള സംഘടനകളുടെ അഞ്ചോളം പ്രവർത്തകരുടെ വധവുമായി ബന്ധപ്പെട്ടാണ് അൽ ഉമ്മ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത്.

© 2024 Live Kerala News. All Rights Reserved.