#ModiInUSA : യുഎന്‍ രക്ഷാ സമിതി വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: നരേന്ദ്രമോദി

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ രക്ഷാ സമിതി അംഗത്വമെന്ന ഇന്ത്യയുടെ ദീർഘകാല ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യവെ സുരക്ഷാ സമിതി വികസിപ്പിക്കേണ്ട ആവശ്യമുണ്ടെന്നും അത് കാലഘട്ടത്തിന്രെ ആവശ്യമാണെന്നും വ്യക്തമാക്കുകയായിരുന്നു.
നാളത്തെ തലമുറയ്ക്കുകൂടിയാണ് ഭൂമിയെന്ന ബോധമുണ്ടാകണമെന്ന മഹാത്മാ ഗാന്ധിജിയുടെ വാക്യങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് മോദി യു.എൻ സുസ്ഥിര വികസന സമ്മേളനത്തിൽ തന്രെ പ്രസംഗം ആരംഭിച്ചത്.

ലോകം സ്വതന്ത്രവും വികസനം സുസ്ഥിരവുമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രലബ്ധി മുതൽ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിന് ഇന്ത്യ പരമപരിഗണന നൽകിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുമാണ് പ്രാധാന്യം നൽകുന്നത്. പൊതുമേഖല-സ്വകാര്യ മേഖല എന്നതിനപ്പുറം ‘തനതായ മേഖല’യാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഏകൈകമായ വ്യവസായങ്ങളാണ് ‘തനതായ മേഖല’യെ സൃഷ്ടിക്കുക. സ്ത്രീശാക്തീകരണമാണ് തന്രെ സർക്കാർ പ്രധാന പരിഗണന നൽകുന്ന വിഷയമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. ‘ബേട്ടി ബചാവോ’ ഉൾപ്പെടെ എൻ.ഡി.എ സർക്കാർ മുന്നോട്ടുവെച്ച നിരവധി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തു പറയുകയുണ്ടായി.

രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. നഗരങ്ങൾ സ്മാർട്ടാക്കുക. വികസനത്തിലേക്കുള്ള തങ്ങളുടെ പാത സുസ്ഥിരമായിരിക്കണം – പ്രധാനമന്ത്രി പറഞ്ഞു.

സമൂഹം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും നീങ്ങുന്നു. ആഗോള കൂട്ടായ്മകൾ മാനവികതയുടെ ഉന്നമനത്തിനായി പ്രവർത്തികണം. ഭൂമി മാതാവും നമ്മൾ അതിന്രെ സന്തതികളുമാണ്. എല്ലാവരും സുരക്ഷിതരായ ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കാം. സർവ്വരും സന്തോഷവാന്മാരും രോഗമുക്തരുമാകട്ടെയെന്ന ഋഗ്വേദത്തിലെ ശ്ലോകം സൂചിപ്പിച്ചുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ഹിന്ദിയിലാണ് പ്രധാനമന്ത്രി യു.എന്നിനെ അഭിസംബോധന ചെയ്തത്.

© 2024 Live Kerala News. All Rights Reserved.