അഴിമതി ആരോപണം കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ്ചെയ്തു

 

തിരുവനന്തപുരം:അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു. ഭരണച്ചുമതല പൂര്‍ണമായും സഹകരണവകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ക്കു നല്‍കി. ഇതുവരെ നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു. സിബിഐ അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് പലരും കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് നടപടി.

ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് പല അഴിമതികളും നടത്തിയതെന്ന് മുന്‍ എംഡിയായിരുന്ന ടോമിന്‍ ജെ.തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ട് തെറ്റാണെന്നു സഹകരണ മന്ത്രി കെ.എന്‍. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ ഉത്തരവ് വന്നതുപോലെ കണ്‍സ്യൂമര്‍ ഫെഡിലും ഇങ്ങനെ വരുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്നു വിലയിരുത്തുന്നു.
കണ്‍സ്യൂമര്‍ ഫെഡില്‍ കോടികളുടെ അഴിമതി നടന്നെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു സതീശന്‍ പാച്ചേനിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ചെയര്‍മാന്‍ ജോയ് തോമസിന്റെയും മുന്‍ എംഡി റിജി ജി. നായരുടെയും നേതൃത്വത്തില്‍ വന്‍ വെട്ടിപ്പു നടന്നെന്ന് സതീശന്‍ പാച്ചേനി ചൊവ്വാഴ്ച ഡയറക്ടര്‍ ബോര്‍ഡില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് ടോമിന്‍ ജെ. തച്ചങ്കരിയുടെ തിരക്കഥ പ്രകാരം തയാറാക്കിയതാണെന്നും തള്ളിക്കളയുമെന്നും ചെയര്‍മാന്‍ ജോയ് തോമസ് അന്നു തന്നെ അറിയിച്ചിരുന്നു.

ജോയ് തോമസിന്റെ യാത്രകള്‍ക്കും ആഡംബരങ്ങള്‍ക്കുമായി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഡല്‍ഹി യാത്രയുടെ പേരില്‍ ലക്ഷങ്ങളുടെ തുക മാറി എടുത്തിട്ടുണ്ട്. എന്നാല്‍ വിമാന യാത്രാ ടിക്കറ്റോ ബോര്‍ഡിങ് പാസോ ഹാജരാക്കിയിട്ടില്ല. ഇതിനാല്‍ ചെയര്‍മാന്‍ യഥാര്‍ത്ഥത്തില്‍ എങ്ങോട്ട് യാത്ര ചെയ്തുവെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ എം.ഡി. റിജി ജി. നായരും സി.ഐ.ടി.യു. നേതാവും ജനറല്‍ മാനേജരുമായ ആര്‍. ജയകുമാറും അടക്കം 15 ജീവനക്കാരാണ് അഴിമതിക്ക് നേതൃത്വം നല്‍കിയിട്ടുള്ളത്.

201214 കാലത്ത് നടന്ന പച്ചക്കറി വിപണനത്തിന് 9.72 കോടി രൂപ ചെലവഴിച്ചതില്‍ 1.20 കോടി രൂപയുടേത് വ്യാജ ബില്ലുകളാണ്. നിര്‍മാണ പ്രവൃത്തികളിലും സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങിയതിലും രണ്ട് കോടിയോളം രൂപ ചെലവഴിച്ചതിന്റെ കണക്ക് വിശ്വസനീയമല്ല. 2013ലെ ഓണത്തിന് വാങ്ങിയ 600 ലോഡ് ജയ അരി ഗോഡൗണില്‍ എത്തിയിട്ടില്ല. ഇത് മറിച്ച് വിറ്റതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മദ്യ വില്പനയുടെ ഇന്‍സന്റീവ് ഇനത്തില്‍ 30 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ തുക ജനറല്‍ മാനേജര്‍ ആര്‍. ജയകുമാറിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നത്. ഇത് പ്രത്യേകം അന്വേഷിക്കണം. അഴിമതിക്കാരായ 15 ഉദ്യോഗസ്ഥരെയും തിരിച്ച് എടുക്കരുതെന്നും സര്‍ക്കാറിനുണ്ടായ നഷ്ടം ഇവരില്‍ നിന്ന് തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.