കൂലി കൂട്ടില്ലെന്ന് തോട്ടമുടമകള്‍; തൊഴിലാളികള്‍ സമരം വ്യാപിപ്പിക്കുന്നു

കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കിയ ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന വാഗ്ദാനത്തിനെതിരെ തോട്ടമുടമകള്‍ ശക്തമായി രംഗത്ത്. നാളെ ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയില്‍ നിലപാട് കടുപ്പിക്കാനാണ് തോട്ടമുടമകളുടെ തീരുമാനം. തൊഴിലാളി വിരുദ്ധ തീരുമാനവുമായി ഉടമകള്‍ മുന്നോട്ടുപോയാല്‍ മൂന്നാര്‍ മോഡല്‍ സമരവുമായി രംഗത്തിറങ്ങാനാണ് കേരളത്തിലെ മറ്റ് തോട്ടം മേഖലകളിലെ തൊഴിലാളികളുടേയും തീരുമാനം.

232 രൂപയാണ് ഇപ്പോള്‍ നിലവില്‍ തോട്ടം തൊഴിലാളികളുടെ അടിസ്ഥാന കൂലി. പ്രോവിഡന്റ് ഫണ്ട്, ഇന്‍സന്റീവ് തുടങ്ങി 400 രൂപ മുതല്‍ 425 വരെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ അടിസ്ഥാന കൂലി 100 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് അസോസിയേഷന്‍ ഒഫ് പ്ലാന്റേഷന്‍ ഒഫ് കേരള ചെയര്‍മാന്‍ സി വിനയരാഘവന്‍ പറഞ്ഞു. ഏകപക്ഷീയമായി കൂലി വര്‍ദ്ധന നടപ്പാക്കിയാല്‍ തോട്ടങ്ങള്‍ പൂട്ടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുമെന്നും വിനയരാഘവന്‍ പറഞ്ഞു.

വിളകളുടെ വില താഴേക്ക് പോകുമ്പോള്‍ ഏകപക്ഷീയമായി കൂലി ഉയര്‍ത്താനാകില്ലെന്നാണ് തോട്ടമുടമകളുടെ നിലപാട്. തേയിലയും റബ്ബറും അടക്കമുള്ള വിളകളുടെ വില കുത്തനെ ഇടിയുകയാണ്. സമരവും തൊഴിലാളികളുടെ മെല്ലെപ്പോക്കും തേയില നുള്ളുന്നതിനെ ബാധിച്ചിട്ടുണ്ട്. തണുപ്പു തുടങ്ങുന്നതിന് മുമ്പ് ആവശ്യത്തിന് കൊളുന്ത് നുള്ളിയില്ലെങ്കില്‍ തേയില വ്യാപാരത്തെ അത് പ്രതികൂലമായി ബാധിക്കും. അടുത്ത തവണ ബോണസുപോലും നല്‍കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കും- അസോസിയേഷന്‍ വ്യക്തമാക്കുന്നു.

തോട്ടമുടമകള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റിലേയും നെല്ലിയാമ്പതി തോട്ടങ്ങളിലേയും തൊഴിലാളികള്‍. ഇടുക്കിയിലും വയനാട്ടിലുമാണ് ഹാരിസണ് തോട്ടങ്ങളുള്ളത്. 20 ശതമാനം ബോണസ് എന്ന ആവശ്യവുമായി ഇന്നുമതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയില്‍ ഇപ്പോള്‍ തന്നെ തൊഴിലാളികള്‍ മെല്ലപ്പോക്കിലാണ്. കൂലിവര്‍ദ്ധനയും ബോണസും ആവശ്യപ്പെട്ട് മണലാരു എസ്റ്റേറ്റിനു മുന്നില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് സത്യാഗ്രഹം തുടങ്ങും. നാളത്തെ യോഗത്തില്‍ ഉടമകള്‍ കര്‍ശന നിലപാടെടുക്കുകയാണെങ്കില്‍ മൂന്നാര്‍ മോഡല്‍ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിയ ഒന്‍പത് ദിവസത്തെ ഐതിഹാസിക സമരത്തിനൊടുവില്‍ വേതനവര്‍ദ്ധനവിന്റെ കാര്യം ഈ മാസം 26 ന് ചര്‍ച്ച ചെയ്യാമെന്ന് ധാരണയായിരുന്നു. തൊഴിലാളികള്‍ ആവശ്യപ്പെട്ട 20 ശതമാനം ബോണസ് നല്‍കാനും വേതരനവര്‍ധനവ് ചര്‍ച്ചചെയ്യാമെന്നും ഉള്ള ധാരണയിലായിരുന്നു സ്ത്രീ തൊഴിലാളികള്‍ നടത്തി വന്ന സമരം അവസാനിപ്പച്ചത്.

© 2024 Live Kerala News. All Rights Reserved.