കീടനാശിനി പ്രയോഗം: എല്ലാ സംസ്ഥാനങ്ങളും പരിശോധന നടത്തണമെന്നു നിർദേശം

തിരുവനന്തപുരം∙ പച്ചക്കറികളും പഴവർഗങ്ങളും എല്ലാ സംസ്ഥാനങ്ങളും പരിശോധനയ്ക്കു വിധേയമാക്കി അളവിൽ കൂടുതൽ കീടനാശിനി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്നു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർദേശം. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധി കണക്കിലെടുത്തും കേരളം വിഷ പച്ചക്കറികൾക്കെതിരെ സ്വീകരിച്ച നടപടികൾ പരിഗണിച്ചുമാണ് അതോറിറ്റി എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മിഷണർമാർക്കു കത്തു നൽകിയത്.

പരിശോധനാ റിപ്പോർട്ടുകൾ കാലാകാലങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. അതേസമയം, തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള പച്ചക്കറികളുടെ രണ്ടാംഘട്ട പരിശോധന കേരളം ആരംഭിച്ചു. വിപണിയിൽ നിന്നു ശേഖരിച്ച സാംപിളുകൾ ലാബുകളിൽ പരിശോധിച്ചു വരികയാണിപ്പോൾ. ആദ്യഘട്ട പരിശോധനയിൽ വൻതോതിൽ കീടനാശിനി ഉപയോഗം കണ്ടെത്തിയതിനെ തുടർന്നു സ്വീകരിച്ച നടപടികൾ എത്രമാത്രം ഫലപ്രദമായെന്നു വിലയിരുത്തുകയാണു രണ്ടാംഘട്ടത്തിൽ.

ഒക്ടോബർ 11നു ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉപദേശക സമിതി യോഗത്തിൽ ഇൗ റിപ്പോർട്ട് സമർപ്പിക്കും. പുതുതലമുറ കീടനാശിനികളുടെ ഉപയോഗപരിധി സംബന്ധിച്ചു തീരുമാനമെടുക്കാൻ അതോറിറ്റിയോടു കേരളം ആവശ്യപ്പെടും. അതേസമയം, മാഗി നൂഡിൽസിനെതിരായ നടപടിക്കു മുൻകയ്യെടുക്കുകയും വിഷ പച്ചക്കറിക്കെതിരായ കേരളത്തിന്റെ നീക്കങ്ങൾക്കു പിന്തുണ നൽകുകയും ചെയ്ത കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി സിഇഒ: യുദ്ധ്‌വീർ സിങ് മാലിക്കിനെ തൽസ്ഥാനത്തു നിന്നു നീക്കിയതു വിവാദത്തിലാണ്.

© 2024 Live Kerala News. All Rights Reserved.