ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

കൊച്ചി: ബാർ ലൈസൻസ് ഫീസ് മുപ്പത് ലക്ഷം രൂപയായി ഉയർത്താതിരിക്കാൻ എക്സൈസ് മന്ത്രി കെ. ബാബുവിന് പത്ത് കോടി രൂപ കോഴ നൽകിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ത്വരിത പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചു. വിജിലൻസ് എസ്.പി: കെ.എം.ആന്റണിയാണ് റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.  അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ മന്ത്രി ബാബുവിൽനിന്ന് കഴിഞ്ഞ വ്യാഴാഴ്ച വിജിലൻസ് മൊഴിയെടുത്തിരുന്നു. മന്ത്രിക്ക് പത്തുകോടി രൂപ കൊടുത്തെന്നും മന്ത്രിയുടെ ഓഫീസിൽ വച്ചാണ് തുക കൈമാറിയതെന്നുമായിരുന്നു ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജുരമേശിന്റെ ആരോപണം.

ബാർ ലൈസൻസ് ഫീസ് മുപ്പത് ലക്ഷമായി കൂട്ടാൻ ഒരു ഘട്ടത്തിലും സർക്കാർ തീരുമാനിച്ചിരുന്നില്ല. 22 ലക്ഷമായിരുന്നു ലൈസൻസ് ഫീസ്. അത് 23 ലക്ഷമായി ഉയർത്തിയത് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നത എക്സൈസ് -നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമാണ്. ഈ യോഗത്തിന്റെ മിനിട്സ് വിജിലൻസ് വിശദമായി പരിശോധിച്ചതിൽ മുപ്പത് ലക്ഷമായി ഉയർത്തുന്നതിനുള്ള ഒരു നിർദ്ദേശവും യോഗത്തിൽ വന്നിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി. മാത്രമല്ല, യോഗത്തിൽ പങ്കെടുത്ത നികുതി വകുപ്പ് സെക്രട്ടറിയുടെയും എക്സൈസ് കമ്മിഷണറുടെയും മൊഴികളും രേഖപ്പെടുത്തി. ബാർ അസോസിയേഷൻ ഭാരവാഹികളുമായുള്ള മന്ത്രിയുടെ ചർച്ചയിൽ ഒരു ഘട്ടത്തിലും ബാർ ലൈസൻസ് ഫീസ് ഉയർത്തുന്ന കാര്യം വന്നിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ച് തുക കൈമാറിയെന്നത് അടിസ്ഥാന രഹിതമാണെന്നാണ്  സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും വിജിലൻസിന്റെ വിലയിരുത്തൽ. പത്ത് കോടി രൂപ അടങ്ങുന്ന ബാഗ് ബാറുടമകളിൽ നിന്ന് വാങ്ങിയ മന്ത്രി ഉടനേ തന്റെ പ്രൈവറ്റ് സെക്രട്ടറി ആർ. സുരേഷിനെ ഏല്പിച്ചെന്നും പിന്നീട്  പുറത്തിറങ്ങിയ  താൻ സുരേഷ് ഈ ബാഗ് സെക്രട്ടേറിയറ്റ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കൊണ്ടുവയ്‌ക്കുന്നത് കണ്ടുവെന്നുമാണ് ബിജു രമേശിന്റെ മൊഴി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും വിജിലൻസ് പറയുന്നു.

© 2025 Live Kerala News. All Rights Reserved.