മിനായിൽ തിക്കിലും തിരക്കിലും 717 മരണം; മരിച്ചവരിൽ 15 ഇന്ത്യക്കാർ

മക്ക: ബലി പെരുനാള്‍ ദിനത്തില്‍ ഹജ് കര്‍മത്തിനിടെ മിനായില്‍ തിക്കിലും തിരക്കിലും പെട്ടു 15 ഇന്ത്യക്കാര്‍ മരിച്ചതായി ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ അറിയിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. 13 പേര്‍ പരുക്കേറ്റ് ആശുപത്രിയിലുണ്ട്. ഇവര്‍ സര്‍ക്കാരിനു കീഴിലുള്ള ഹജ്ജ് കമ്മിറ്റി മുഖേനെ യാത്ര ചെയ്തവരാണ്. അതേസമയം, അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51) മരിച്ചതായും ഭാര്യ സുലൈഖ പരുക്കുകളോടെ ആശുപത്രിയിലാണെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. റിയാദില്‍ നിന്നാണ് ഇദ്ദേഹം ഹജ് കര്‍മ്മത്തിനായി പോയത്.

haj-213.jpg.image.784.410

കോട്ടയം സ്വദേശിയായ സക്കീബിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം കേരളത്തില്‍ നിന്നുള്ള അയിഷുമ മരിയാടന് പരുക്കേറ്റതായി പറയുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 717 ആയി. വിശുദ്ധ നഗരമായ മക്കയ്ക്കു പുറത്ത് മിനായില്‍ കല്ലേറു കര്‍മത്തിനിടെയാണ് അപകടം. സംഭവത്തില്‍ 805പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു സൂചന.

അതേസമയം, ഹജ് കര്‍മത്തിനിടെ മക്കയില്‍ വച്ച് രണ്ട് മലയാളികള്‍ മരിച്ചു. പെരിങ്ങത്തൂര്‍ ഒലിപ്പില്‍ പീടികയില്‍ കണിയാങ്കണ്ടി അബൂബക്കര്‍ (72), ചേരാപുരം കാക്കുനിയിലെ പുല്ലറോട്ട്് കുഞ്ഞബ്ദുല്ല (78) എന്നിവരാണ് മരിച്ചത്. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന നെടുമ്പാശേരി ഹജ് ക്യാംപില്‍ നിന്നു ഹജിനു പുറപ്പെട്ട തീര്‍ഥാടകനാണ് അബൂബക്കര്‍. ഭാര്യ താഹിറയോടൊപ്പം 17നാണ് ഇദ്ദേഹം യാത്രതിരിച്ചത്. പുല്ലറോട്ട്് കുഞ്ഞബ്ദുല്ല ഭാര്യയ്ക്കും മകനുമൊപ്പം ഹജ് കര്‍മത്തിനു പോയ ആളാണ്.പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നു മരിച്ചത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 220 ആംബുലന്‍സുകളും 4,000ല്‍ അധികം രക്ഷാപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. മക്കയ്ക്കു പുറത്ത് മിനായില്‍ തീര്‍ഥാടക ക്യാംപുകളെ വേര്‍തിരിക്കുന്ന വഴിയിലാണ് അപകടം. ഹജ് തീര്‍ഥാടകര്‍ക്കു പരമ്പരാഗതമായി താല്‍ക്കാലിക വാസസ്ഥലമൊരുക്കുന്നത് മിനായിലാണ്. അറബ്, ആഫ്രിക്കന്‍ തീര്‍ഥാടകര്‍ താമസിക്കുന്ന ജദീദ് തെരുവിലാണ് അപകടമുണ്ടായത്. ഇന്ത്യക്കാരുടെ താമസം സൂഖ് അല്‍ അറബ, ജവഹാര തെരുവുകള്‍ക്ക് സമീപമാണ്. അതേസമയം, ഹജ് കര്‍മങ്ങള്‍ തടസം കൂടാതെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ് കര്‍മത്തോട് അനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞയാഴ്ച മക്കയില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 107ല്‍ അധികം പേര്‍ മരിച്ചിരുന്നു. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തേക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവിട്ടു. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തത്തെക്കുറിച്ചുള്ള കണ്ടെത്തലുകളും മറ്റും തിരുഗേഹങ്ങളുടെ കാവല്‍ക്കാരന്‍ സല്‍മാന്‍ രാജാവിന് കൈമാറുമെന്ന് താന്‍ അധ്യക്ഷനായ ഹജ് ഹൈയര്‍ കമ്മിറ്റി യോഗത്തില്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ പറഞ്ഞു. നേരത്തെ സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലഹ് സംഭവത്തെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ തീര്‍ഥാടകര്‍ പാലിക്കാത്തതാണ് അപകട കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വിവരങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍: 00966125458000, 00966125496000

ബലി പെരുനാള്‍ ആഘോഷങ്ങള്‍ക്കായി ഹജ് തീര്‍ഥാടകര്‍ ഇന്നു പുലര്‍ച്ചെയോടെ മിനായിലെത്തിയിരുന്നു. ഇവിടെ നടന്ന കല്ലേറ് കര്‍മത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദേശങ്ങള്‍ ഹജ് തീര്‍ഥാടകര്‍ അവഗണിച്ചതാണ് അപകടത്തിന് വഴിതെളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മലയാളികള്‍ ആരെങ്കിലും മരിച്ചോയെന്ന് അറിവായിട്ടില്ല. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാള്‍ അപകടത്തില്‍പ്പെട്ടതായി സൂചനയുണ്ട്.

ഹജ് കര്‍മത്തിനിടെ അപകടങ്ങള്‍ മുന്‍പും

ന്മ തീര്‍ഥാടനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമുണ്ടായത് 1990 ജൂലൈയിലാണ്. മക്കാ നഗരത്തിലേക്കു കടക്കാനുള്ള തുരങ്കത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആയിരത്തഞ്ഞൂറോളം പേരാണ് അന്നു മരിച്ചത്.ഇതില്‍ അഞ്ചു മലയാളികളും ഉള്‍പ്പെടും. നാല് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 14 തീര്‍ഥാടകര്‍ തിക്കിലും തിരക്കിലുംപെട്ടു മരിച്ചു.

1. 1994ല്‍ തിക്കിലും തിരക്കിലും 270 ഹാജിമാരാണു മരിച്ചത്.

2. 1997ല്‍ മിനായിലെ തമ്പുകളിലുണ്ടായ അഗ്‌നിബാധ 343 പേരുടെ ജീവനപഹരിച്ചു. മരിച്ചവരില്‍ നൂറോളം പേര്‍ ഇന്ത്യക്കാരായിരുന്നു.

3. 1998ല്‍ തിരക്കില്‍പ്പെട്ട് നൂറ്റന്‍പതോളം പേരാണു മരിച്ചത്. ഇവരില്‍ അന്‍പതോളം ഇന്ത്യാക്കാരുണ്ടായിരുന്നു. ഏഴു പേര്‍ മലയാളികളും.

4. 2001ല്‍ 36 പേര്‍ മരിച്ചു. രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെട്ടു.

5. 2006ലും ഹജ് തീര്‍ഥാടനത്തിന്റെ സമാപന ദിവസം മിനായില്‍ തിക്കിലും തിരക്കിലുംപെട്ടു നാനൂറോളം പേര്‍ മരിച്ചിരുന്നു.

6. ഇതേ വര്‍ഷംതന്നെ ഹജ് കര്‍മങ്ങള്‍ തുടങ്ങുന്നതിനു രണ്ടുനാള്‍ മുന്‍പു മക്കയിലെ ഹറം പള്ളിക്കു സമീപം കെട്ടിടം തകര്‍ന്നു മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 76 പേര്‍ മരണമടഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.