മിന: ഹജ്ജ് ദിനമായ വ്യാഴാഴ്ച മക്കയില്‍ തിരക്കില്‍പ്പെട്ട് 15 ഇന്ത്യക്കാരുള്‍പ്പെടെ 717 തീര്‍ഥാടകര്‍ മരിച്ചു. മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് ചക്കുവളവില്‍ ആശാരിത്തൊടി അബ്ദുറഹിമാന്‍ (51), തെലങ്കാന രംഗറെഡ്ഡി സ്വദേശി ബീബിജാന്‍ (60), വാളണ്ടിയര്‍ സംഘത്തോടൊപ്പം പോയ ജാര്‍ഖണ്ഡ് സ്വദേശി നിയാസുല്‍  ഹഖ് മന്‍സൂരി (44)  എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

അബ്ദുറഹിമാന്റെ ഭാര്യ സുലൈഖ ഉള്‍പ്പെടെ 863 പേര്‍ക്ക് പരിക്കേറ്റു.  കോട്ടയം സ്വദേശിയെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് സൗദി സിവില്‍ ഡിഫന്‍സ് സര്‍വീസ് അറിയിച്ചു. 25 കൊല്ലത്തിനിടെ തീര്‍ഥാടനവേളയിലുണ്ടാകുന്ന ഏറ്റവുംവലിയ ദുരന്തമാണിത്. പരിക്കേറ്റവരെ മിനായിലെ നാല് ആസ്പത്രികളിലായി പ്രവേശിപ്പിച്ചു.

abdu rahman

ഹജ്ജ് തീര്‍ഥാടനത്തിലെ  ചെകുത്താനെ കല്ലെറിയല്‍കര്‍മം നടക്കുന്ന സ്ഥലമാണ് മിന. കല്ലെറിയല്‍ കര്‍മത്തിനായി ജംറത്ത് പാലത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ദുരന്തമുണ്ടായത്.

മിനായ്ക്കുചുറ്റും തീര്‍ഥാടകര്‍ക്ക് രാത്രികഴിയാന്‍ ഒന്നരലക്ഷത്തിലേറെ കൂടാരങ്ങളൊരുക്കിയിട്ടുണ്ട്. ഇവയ്ക്കിടയിലുള്ള 204, 223 തെരുവുകള്‍ സംഗമിക്കുന്നിടത്താണ് ദുരന്തം നടന്നത്. പെട്ടെന്ന് തീര്‍ഥാടകരുടെ എണ്ണം കൂടിയതാണ് തിരക്കിനിടയാക്കിയതെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇരുതെരുവുകളില്‍നിന്നും വന്ന തീര്‍ഥാടകരുടെ സംഘങ്ങള്‍തമ്മില്‍ കൂട്ടിയിടിച്ച് വീണതാണ് അപകടകാരണമായി പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും സൗദി റെഡ് ക്രെസന്റ് വോളണ്ടിയര്‍മാരെയും ഉടന്‍ വിന്യസിച്ച് കൂടുതല്‍പ്പേര്‍ ഇങ്ങോട്ടെത്തുന്നത് തടഞ്ഞു.

അബ്ദുറഹിമാന്‍

ഇക്കൊല്ലം തീര്‍ഥാടനത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. സപ്തംബര്‍ 11ന് മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ പൊട്ടിവീണ് പാലക്കാട് സ്വദേശിനിയടക്കം 118 പേര്‍ മരിക്കുകയുണ്ടായി.

തീര്‍ഥാടകര്‍ നിര്‍ദേശങ്ങള്‍ പാലിക്കാഞ്ഞതാണ് അപകടകാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. അപകടത്തെക്കുറിച്ചന്വേഷിക്കാന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സൗദി രാജകുമാരനുമായ മുഹമ്മദ് ബിന്‍ നയേഫ് ഉത്തരവിട്ടു. ദുരന്തത്തിനുശേഷവും കല്ലെറിയല്‍കര്‍മം നടന്നു. ദുരന്തം തീര്‍ഥാടനത്തെ ബാധിക്കില്ലെന്ന് നയേഫ് രാജകുമാരന്‍ അറിയിച്ചു.

കുടുംബത്തോടൊപ്പം റിയാദില്‍ താമസിച്ചിരുന്ന അബ്ദുറഹിമാന്‍ അവിടെനിന്നാണ് ഹജ്ജിന് പോയത്. മക്കള്‍: അഷറഫ് (സൗദി), മുംതാസ്, ഹബീബ് സല്‍മാന്‍. മരുമക്കള്‍: അബ്ദുള്‍നിസാര്‍, സഹീറ. സഹോദരന്‍: മുഹമ്മദ്.

ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 00966125458000, 00966125496000
സൗദിയിലെ തീര്‍ഥാടകര്‍ക്കുള്ള ടോള്‍ഫ്രീ നമ്പര്‍: 8002477786