മോദി – ഒബാമ കൂടിക്കാഴ്ച സപ്തംബര്‍ 28ന്

വാഷിങ്ടണ്‍: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സപ്തംബര്‍ 28ന് യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ച നാലു ദിവസത്തിനകം നടക്കുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനിടെ യു.എന്‍ സമ്മേളനത്തില്‍ മോദി പ്രസംഗിക്കും. ഇന്നും നാളെയും അദ്ദേഹം ന്യൂയോര്‍ക്കിലും 26നും 27നും കാലിഫോര്‍ണിയയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. സപ്തംബര്‍ 28നാണ് അദ്ദേഹം മടങ്ങുന്നത്. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തില്ലെന്ന് സ്വരൂപ് പറഞ്ഞു.

ഇന്ത്യക്കൊപ്പം ചേര്‍ന്ന് സുരക്ഷിതമായ ഭാവി രൂപപ്പെടുത്താന്‍ കഴിയുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇന്ത്യ-യു.എസ്. നയതന്ത്ര, വാണിജ്യ ചര്‍ച്ചയോടനുബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെറി. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള പതിനായിരം കോടിയുടെ വാണിജ്യബന്ധത്തില്‍ തൃപ്തനല്ലെന്നും ഇത് അഞ്ചുവര്‍ഷത്തിനുള്ളില്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും കെറി പ്രത്യാശ പ്രകടിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.