സ്ത്രീകള്‍ തൊഴില്ലായ്മ വര്‍ദ്ധിപ്പിക്കുന്നു; ഛത്തീസ്ഗഡില്‍ പാഠപുസ്തക വിവാദം

റാഞ്ചി: സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം സ്ത്രീകള്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ തൊഴിലില്ലായ്മയും വര്‍ദ്ധിച്ചുവെന്ന് ഛത്തീസ്ഗഡിലെ പത്താംക്ലാസ് പാഠപുസ്തകത്തില്‍ പരാമര്‍ശം. അഖിലേന്ത്യാ തലത്തില്‍ സ്ത്രീകളെ കര്‍മനിരതരാക്കാനും അതുവരെ ചെന്നെത്താത്ത മേഖലകളിലേക്ക് വഴിതെളിക്കാനും ശ്രമം നടക്കുന്നതിനിടെയാണ് ഛത്തീസ്ഗഡ് പാഠപുസ്തകത്തിലെ ഈ പിന്തിരിപ്പന്‍ പരാമര്‍ശം വിവാദമായത്.

ഛത്തീസ്ഗഡ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ ജംഷഡ്പുരിലെ ഒരു അധ്യാപിക വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കമ്മീഷന്‍ ഇക്കാര്യം മുഖ്യമന്ത്രി രമണ്‍സിങിന്റെ ശ്രദ്ധയില്‍പെടുത്തി.

ഉത്തരേന്ത്യയിലെ പാഠപുസ്തകങ്ങളില്‍ അബദ്ധങ്ങള്‍ കടന്നുകൂടുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞവര്‍ഷം ഖുദിറാം ബോസും ജതീന്ദ്രനാഥ് മുഖര്‍ജിയുമടക്കമുള്ള സ്വാതന്ത്യസമര സേനാനികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച പശ്ചിമബംഗാളിലെ എട്ടാം തരം പുസ്തകം വിവാദമായിരുന്നു. അരുണാചല്‍പ്രദേശ് ഇല്ലാത്ത ഇന്ത്യാ മാപ്പ് പ്രസിദ്ധീകരിച്ച ഭൂമിശാസ്ത്രപാഠപുസ്തകം മഹാരാഷ്ട്രയില്‍ പിന്‍വലിച്ചത് 2013ലാണ്. 2012ല്‍ മാംസാഹാരം കഴിക്കുന്നവര്‍ കള്ളം പറയുന്നവരും ചതിയും ക്രൂരകൃത്യങ്ങളും ചെയ്യുന്നവരാവുമെന്ന പരാമര്‍ശം വിവാദമായിരുന്നു.

© 2024 Live Kerala News. All Rights Reserved.