കൺസ്യൂമർഫെഡിൽ അഞ്ചുവർഷത്തിനിടെ 50 കോടിയുടെ അഴിമതി നടന്നുവെന്ന് റിപ്പോർട്ട്

കൊച്ചി∙ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൺസ്യൂമർഫെഡിൽ അൻപതു കോടിയുടെ ക്രമക്കേട് നടന്നതായി ഭരണസമിതി നിയോഗിച്ച ഉപസമിതിയുടെ കണ്ടെത്തൽ. കെപിസിസി ജനറൽ സെക്രട്ടറി സതീശൻ പാച്ചേനി കൺവീനറായ മൂന്നംഗ ഉപസമിതിയുടെ റിപ്പോർട്ട് ഭരണസമിതി യോഗത്തിൽവച്ചു. അടുത്ത ഭരണസമിതിയോഗം റിപ്പോർട്ട് ചർച്ച ചെയ്യുമെന്ന് സതീശൻ പാച്ചേനി വ്യക്തമാക്കി.

അതേസമയം, ടോമിൻ ജെ. തച്ചങ്കരിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് സതീശൻ പാച്ചേനി ഏകപക്ഷീയമായി തയാറാക്കിയ റിപ്പോർട്ട് ഭരണസമിതി തള്ളിയതായി പ്രസിഡന്റ് ജോയ് തോമസ് പറഞ്ഞു. ഉപസമിതിയിലെ മറ്റ് അംഗങ്ങൾ റിപ്പോർട്ട് കണ്ടിട്ടില്ല. കൺസ്യൂമർഫെഡിൽ ചില ജീവനക്കാരുടെ നേതൃത്വത്തിലുണ്ടാക്കുന്ന കോലാഹലങ്ങൾക്കു പിന്നിൽ തച്ചങ്കരിയാണ്. തന്റെ ഭരണകാലത്തെ ആരോപണങ്ങൾ സഹകരണ വകുപ്പ് നേരിട്ട് അന്വേഷണം നടത്തണമെന്ന് ഭരണസമിതി ആവശ്യപ്പട്ടതായും ജോയ് തോമസ് പറഞ്ഞു.

ഭരണസമിതിയോഗത്തിനെത്തിയ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും യൂണിയൻ പ്രവർത്തകരിൽ ചിലർ കൊടി കെട്ടിയ വടികൊണ്ട് അടിച്ചതായും സതീശൻ പാച്ചേനി ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.