ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫും താമസിക്കുക ഒരേ ഹോട്ടലിൽ

ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയുടെ 70-ാം വാർഷിക പൊതുസഭയിൽ പങ്കെടുക്കാൻ ഈ ആഴ്ച യുഎസിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫും താമസിക്കുക ഒരേ ഹോട്ടലിൽ. ന്യൂയോർക്കിലെ വാൽഡോർഫ് അസ്റ്റോറിയ ഹോട്ടലിലാണ് ഇരുവരും താമസിക്കുക.

അതേസമയം, താമസം ഒരു ഹോട്ടലിൽ തന്നെയാണെങ്കിലും യുഎസിൽവച്ച് ഇരുവരും കൂടുക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നുമില്ല. അതുകൊണ്ടുതന്നെ ഇരുവരും ഒരേ ഹോട്ടലിൽ താമസിക്കുന്നുവെന്ന വാർത്ത കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. നരേന്ദ്ര മോദി ബുധനാഴ്ച വൈകുന്നേരവും ഷരീഫ് വെള്ളിയാഴ്ച വൈകുന്നേരവുമാണ് ഇവിടെയെത്തുക.

യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തുന്ന യുഎസ് പ്ര‍സിഡന്റുമാർ സാധാരണ താമസത്തിന് തിരഞ്ഞെടുക്കുന്ന ഈ ഹോട്ടലി‍ൽ താമസിക്കാൻ ഇത്തവണ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വിസമ്മതിച്ചത് വാർത്തയായിരുന്നു. പകരം, ന്യൂയോർക്ക് പാലസ് ഹോട്ടലിലായിരിക്കും ഒബാമയും സംഘവും ഇത്തവണ തങ്ങുക. വാൽഡോർഫ് അസ്റ്റോറിയ ഹോട്ടലിന്റെ ഉടമസ്ഥാവകാശം കഴിഞ്ഞ വർഷം ഒരു ചൈനീസ് കമ്പനി സ്വന്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ചൈനീസ് ചാരൻമാരെ ഭയന്നാണ് യുഎസ് പ്രസിഡന്റ് ഇവിടെ താമസിക്കാൻ വിസമ്മതിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മോദിക്കും ഷരീഫിനും പുറമെ, പൊതുസഭയിൽ പങ്കെടുക്കാനായെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, റഷ്യൻ പ്രസിഡന്റ് ഷി ചിൻപിങ് തുടങ്ങിയ ലോകനേതാക്കളെല്ലാം ഈ ഹോട്ടലിൽത്തന്നെയാണ് താമസിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.